റിമാൻഡ് റിപ്പോർട്ട്: ഇലന്തൂരിലെ നരബലി ദേവീപ്രീതിക്കായി, റോസ്‌ലിയെ കൊന്നത് ലൈല

Thursday 13 October 2022 4:57 AM IST


# പദ്മയെ മൂവരും വെട്ടിനുറുക്കി
# പ്രതികൾ കാക്കനാട് ജയിലിൽ

കൊച്ചി: ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാനായി ദേവിയെ പ്രീതിപ്പെടുത്താൻ നടത്തിയതാണ് ഇലന്തൂരിലെ രണ്ടു നരബലികളെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഒന്നാം പ്രതിയായ വ്യാജ സിദ്ധൻ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ രണ്ടാം പ്രതി ഭവൽസിംഗും മൂന്നാം പ്രതി ലൈലയും ചേർന്നാണ് പദ്‌മത്തെയും റോസ്‌ലിയെയും കൊലപ്പെടുത്തിയതെന്നും പദ്‌മത്തെ കൊന്ന് 56 കഷണങ്ങളാക്കിയാണ് കുഴിച്ചിട്ടെന്നും കടവന്ത്ര സി.ഐ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി - എട്ടിൽ സമർപ്പിച്ച

റിപ്പോർട്ടിലുണ്ട്.

മജിസ്ട്രേട്ട് എൽദോസ് മാത്യൂസ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.ലൈലയെ അവിടെ വനിതാ ജയിലിലാക്കി. കസ്റ്റഡിയിൽ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷ പിന്നീടു പരിഗണിക്കും.

സെപ്തംബർ 26നു രാവിലെ 10.15ന് എറണാകുളം ചിറ്റൂർ റോഡിലെ കൃഷ്‌ണ ആശുപത്രിക്ക് സമീപത്തു നിന്ന് പദ്‌മത്തെ സ്കോർപ്പിയോ കാറിൽ കയറ്റിക്കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് തുമ്പുണ്ടാക്കിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പദ്‌മത്തെ മുഹമ്മദ് ഷാഫി ഇലന്തൂരിലുള്ള ഭഗവൽസിംഗിന്റെ വീട്ടിലെത്തിച്ചപ്പോൾ അവർ പണം ചോദിച്ചു. തുടർന്നുണ്ടായ വാക്കു തർക്കത്തിൽ പ്രതികൾ പ്ളാസ്റ്റിക് ചരടുകൊണ്ട് കഴുത്തു മുറുക്കി ബോധം കെടുത്തി. മറ്റൊരു മുറിയിലേക്ക് മാറ്റി രഹസ്യഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. തുടർന്ന് കഴുത്തറുത്തു കൊലപ്പെടുത്തി. മൂന്നു പ്രതികളും ചേർന്ന് ശരീരം 56 കഷണങ്ങളായി വെട്ടിനുറുക്കി ബക്കറ്റുകളിലാക്കി. വീടിന്റെ വടക്കുവശത്ത് നേരത്തെ തയ്യാറാക്കിയ കുഴിയിൽ മറവു ചെയ്തു.

ജൂണിലാണ് റോസ്‌ലിയെ കൊലപ്പെടുത്തിയത്. ഫിലിമിൽ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നൽകാമെന്നും പറഞ്ഞ് കോട്ടയത്തുനിന്നാണ് ഷാഫി ഇവരെ ഇലന്തൂരിലെത്തിച്ചത്. ഭഗവൽസിംഗിന്റെ വീട്ടിലെത്തിച്ച റോസ്‌ലിയെ ചിത്രീകരണത്തിനെന്നു പറഞ്ഞ് കൈകാലുകൾ ബന്ധിച്ചു. വായിൽ തുണി തിരുകി പ്ളാസ്റ്റർ ഒട്ടിച്ചശേഷം ലൈലയാണ് റോസ്‌ലിയുടെ രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കിയതും കഴുത്തറുത്തതും. ഭഗവൽസിംഗ് അവയവം അറുത്തെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൂവരും ചേർന്ന് മൃതദേഹം കഷണങ്ങളാക്കി വീടിന്റെ കിഴക്കു ഭാഗത്തെ പറമ്പിൽ തയ്യാറാക്കിയിരുന്ന കുഴിയിലിട്ടു മൂടി. മറ്റെന്തെങ്കിലും ഉദ്ദേശ്യമോ, കൂടുതൽ ഇരകളോ ഉണ്ടോയെന്ന് അറിയാനും ഇരകളിൽ നിന്ന് തട്ടിയെടുത്ത ആഭരണങ്ങളും മറ്റും കണ്ടെടുക്കാനും കൂടുതൽ അന്വേഷണം വേണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement