ഷാഫി, ഇരയുടെ വേദന കണ്ടു രസിക്കുന്ന കൊടുംക്രൂരൻ  ആറാം ക്ളാസ് വിദ്യാഭ്യാസം, രതിവൈകൃതം മുഖമുദ്ര

Thursday 13 October 2022 4:05 AM IST

കൊച്ചി: ഏത് കൃത്യവും ആസൂത്രണം ചെയ്തു നടപ്പാക്കാൻ തെല്ലും മടിയില്ലാത്ത, കടുത്ത ലൈംഗികാസക്തിയും രതിവൈകൃതവും ഇരയെ പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്ന കൊടുംക്രൂരനാണ് പ്രതി മുഹമ്മദ് ഷാഫി. കേരളമാകെ സഞ്ചരിച്ചിട്ടുള്ള ഷാഫി ചെയ്യാത്ത തൊഴിലില്ല. ആറാം ക്ളാസാണ് വിദ്യാഭ്യാസം. പുറമേ പ്രകടിപ്പിക്കുന്നത് ശാന്ത സ്വഭാവം.

കൊലപാതകശ്രമം, മാനഭംഗം എന്നിവയുൾപ്പെടെ എട്ടു കേസുകളിൽ ഇയാൾ പ്രതിയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സ്ത്രീകളെ വീട്ടിൽ കടന്നുകയറി ആക്രമിച്ചിട്ടുണ്ട്. സ്ത്രീകളെ ക്രൂരമായി ലൈംഗികവൈകൃതങ്ങൾക്ക് ഇരയാക്കും. പീഡിപ്പിച്ചശേഷം രഹസ്യഭാഗങ്ങളിൽ കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കും. ചോര പൊടിയുന്നതും ഇരകൾ വേദനിക്കുന്നതും കണ്ട് ആസ്വദിക്കും. പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത മാനഭംഗക്കേസിൽ 75കാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാല ചികിത്സയിലൂടെയാണ് അവർക്ക് ജീവൻ തിരിച്ചുകിട്ടിയത്.

ഇരകളെ വലയിലാക്കാൻ മിടുക്കൻ. ലോട്ടറി വില്പനപോലെ ചെറിയ വരുമാനമുള്ള ജോലികൾ ചെയ്യുന്ന സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നത്. പണം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് വശീകരിക്കും. ലക്ഷ്യം നേടാൻ തന്ത്രങ്ങൾ ആവിഷ്കരിക്കാനും വിജയകരമായി നടപ്പാക്കാനും ഏതു മാർഗവും സ്വീകരിക്കും. താൻ വലിയ സിദ്ധനാണെന്ന് വിശ്വസിപ്പിച്ചാണ് ഇലന്തൂരിലെ ദമ്പതികളെ വശത്താക്കിയത്.

പെരുമ്പാവൂർ വെങ്ങോല സ്വദേശി. പതിനാറാം വയസിൽ നാടുവിട്ടു. ഇടുക്കിയിലാണ് ആദ്യം കറങ്ങിയത്. പിന്നീട് പല നാടുകൾ. ഡ്രൈവർ, വാഹന മെക്കാനിക്ക്, ഇറച്ചിവെട്ട്, ഹോട്ടൽ പണി, റബർ ടാപ്പിംഗ് തുടങ്ങിയ ജോലികൾ ചെയ്തു. ഇതിനിടെ വിവാഹം കഴിച്ചു. രണ്ടു മക്കളുണ്ട്. ഏതാനും വർഷം മുമ്പാണ് എറണാകുളം ഗാന്ധിനഗറിൽ താമസം തുടങ്ങിയത്.

എറണാകുളത്തെ ചെറിയ ഹോട്ടലിന്റെ പങ്കാളിയായെങ്കിലും മറ്റു കാര്യങ്ങളിലായിരുന്നു താത്പര്യം. അനാശാസ്യവൃത്തി ചെയ്യുന്നവരുടെ ഇടനിലക്കാരനായും പ്രവർത്തിച്ചിരുന്നു. ലഭിക്കുന്ന പണത്തിൽ ഭൂരിഭാഗവും മദ്യപാനത്തിന് ചെലവഴിച്ചു.

Advertisement
Advertisement