ജോലിക്ക് ചേരേണ്ട ദിവസം സേട്ടുവിനെ തേടിയെത്തി, ആ 'ബാഡ് ന്യൂസ്'

Thursday 13 October 2022 4:09 AM IST

കോട്ടയം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് പോസ്റ്റുമോർട്ടം ടേബിളിലേയ്ക്ക് മാറ്റാനായി പായയിൽ പൊതിഞ്ഞ പദ്മത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തേയ്ക്ക് എടുത്തപ്പോൾ അതുവരെ പിടിച്ചുനിന്ന മൂത്തമകൻ സേട്ടു അലറിക്കരഞ്ഞു. പുതിയ അദ്ധ്യാപക ജോലിക്ക് ചേരാനിരുന്ന ദിവസമാണ് 'ബാഡ് ന്യൂസ്' ഉണ്ടെന്ന കടവന്ത്ര പൊലീസിന്റെ വിളി സേട്ടുവിന്റെ ഫോണിലെത്തിയത്.


പദ്മത്തിന് രണ്ട് മക്കൾ. സേട്ടുവും സെൽവരാജും. രണ്ടുപേരും ഉന്നത വിദ്യാഭ്യാസം നേടിയവർ. സേട്ടു അദ്ധ്യാപകൻ,​ സെൽവരാജ് എൻജിനിയർ. സ്‌കൂൾ അദ്ധ്യാപകനായിരുന്ന സേട്ടുവിന് ധർമ്മപുരി ഗവ.പോളിടെക്‌നിക് കോളേജിൽ ഫിസിക്സ് അദ്ധ്യാപകനായി ജോലിക്ക് ചേരേണ്ട ദിവസമായിരുന്നു ചൊവ്വാഴ്ച. അതിനായി തയ്യാറെടുക്കുമ്പോഴാണ് കടവന്ത്ര പൊലീസ് വിവരം വിളിച്ചറിയിക്കുന്നത്.

പദ്മത്തെ കണ്ടെത്താനുള്ള ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ സേട്ടുവാണ് കമ്മിഷണർക്ക് പരാതി നൽകിയത്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇലന്തൂരിൽ ദിവസങ്ങൾക്ക് മുമ്പ് പൊലീസിനൊപ്പം മക്കൾ രണ്ടുപേരും എത്തിയിരുന്നു. പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി.

പദ്മ മക്കളുമായി നല്ലബന്ധം പുല‌ർത്തിയിരുന്നു. പതിവായി വിളിക്കും. ഒരു മാസം മുമ്പ് തമിഴ്നാട്ടിൽ ചെന്നിരുന്നു. ഫോൺ വിളിക്കുമ്പോഴെല്ലാം വിവാഹക്കാര്യം പറയുമായിരുന്നെന്ന് ഇളയമകൻ സെൽവരാജ് കേരളകൗമുദിയോട് പറഞ്ഞു. ഏഴുമാസം മുമ്പാണ് സെൽവരാജിന് ടി.സി.എസിൽ ജോലി ലഭിച്ചത്. ലോട്ടറി വില്പനയിലൂടെയുള്ള വരുമാനത്തിൽ നിന്ന് രണ്ട് മക്കളേയും പഠിപ്പിച്ച് നല്ലനിലയിലാക്കിയതിൽ പദ്മ ഏറെ അഭിമാനിച്ചിരുന്നു.

Advertisement
Advertisement