ഗൃഹനാഥന്റെ ആത്മഹത്യ, കാത്തിരിപ്പ് കേന്ദ്ര നിർമ്മാണവുമായി പഞ്ചായത്ത് മുന്നോട്ട്

Thursday 13 October 2022 12:13 AM IST

റാന്നി : പെരുനാട്ടിൽ സി.പി.എം അനുഭാവി മേലേതിൽ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണവുമായി മുന്നോട്ട് പോകാൻ പെരുനാട് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പീഡിപ്പിക്കുന്നു എന്ന് കത്തെഴുതി വച്ച ശേഷമാണ് ബാബു ആത്മഹത്യ ചെയ്തത്. തന്റെ സ്ഥലം കൈക്കലാക്കി വീട്ടിലെ കിണറിനോട് ചേർന്നു ടോയ്‌ലറ്റ് കോംപ്ലക്സ് ഉൾപ്പടെ നിർമ്മിക്കുന്നതിലായിരുന്നു ബാബു എതിർപ്പ് രേഖപ്പെടുത്തിയിരുന്നത്. എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി റോബിൻ കെ.തോമസ്, കണ്ണനുമൺ വാർഡ് മെമ്പർ ശ്യാം.എം.എസ് എന്നിവർക്ക് 5 ലക്ഷം രൂപ കോഴ കൊടുക്കണമെന്നും പെരുനാട് സൊസൈറ്റിയിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടതായി ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ പന്ത്രണ്ടിന് വിളിച്ചു ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കത്തിലുള്ള ഭൂമിയിൽ ടോയ്ലറ്റ് നിർമ്മിക്കുന്നതിനും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ഉടമസ്ഥാവകാശം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകുന്നതിനും വേണ്ടിയുള്ള ചർച്ച അജണ്ടയാക്കിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ ഈ നടപടിക്കെതിരെ ബി.ജെ.പി മെമ്പർമാർ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ആരോപണവിധേയരായവർക്കെതിരെ പൊലീസ് നടപടിയെടുക്കാൻ താമസം വരുത്തിയാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷൈൻ ജി.കുറുപ്പ് പറഞ്ഞു. വാർഡ് അംഗങ്ങളായ മഞ്ജു പ്രമോദ്,ശാരി.ടി.എസ്, ബി.ജെ.പി ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, പെരുനാട് ഏരിയ ജനറൽ സെക്രട്ടറി സാനു മാമ്പാറ, വൈസ് പ്രസിഡന്റ് വിനോദ് എം.എസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement