 ശ്രീദേവിയായി മൂന്ന് വർഷം ചാറ്റിംഗ്  സിദ്ധന്റ 'ജ്ഞാനദൃഷ്ടി'യിൽ മയങ്ങി ദമ്പതികൾ

Thursday 13 October 2022 12:31 AM IST

കൊച്ചി: പേര് ശ്രീദേവി, പ്രൊഫൈൽ ചിത്രമായി പുഷ്പം... അതായിരുന്നു ഫേസ്ബുക്കിൽ. 'ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും പൂജ നടത്താൻ ബന്ധപ്പെടുക" എന്ന മൂന്ന് വർഷം മുമ്പ് ഷാഫിയിട്ട കുറിപ്പിൽ ഇലന്തൂർ സ്വദേശി വൈദ്യൻ ഭഗവൽ സിംഗ് കുടുങ്ങി. ശ്രീദേവി ചമഞ്ഞ് അടുപ്പം സ്ഥാപിച്ച് ഭഗവൽ സിംഗിൽ നിന്ന് വീടിന്റെ മുക്കും മൂലയും ഭൂതകാലവുമെല്ലാം ഷാഫി ചോർത്തി. ശേഷം ആഭിചാരത്തിലേക്ക് അടുപ്പിക്കും വിധമുള്ള ചാറ്റിംഗിലേക്ക് കടന്നു. ഭഗവൽ സിംഗുമായി ചാറ്റിംഗ് മാത്രമേ നടത്തിയിട്ടുള്ളു. ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീദേവി സമ്മതിച്ചിരുന്നില്ല. ഇതിൽ ഭഗവൽ സിംഗിന് സംശയം തോന്നിയതുമില്ല.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി സ്വന്തം സിം ഉപയോഗിച്ച് ഭാര്യയുടെ മൊബൈലിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. രാവിലെ ഹോട്ടലിലെ പാചകം കഴിഞ്ഞാണ് ചാറ്റിംഗ്. ആഭിചാരത്തിലേക്ക് ഭഗവൽ സിംഗ് അടുത്തെന്ന് തിരിച്ചറിഞ്ഞതോടെ 'ശ്രീദേവി ' സിദ്ധനെ അവതരിപ്പിച്ചു. അതും ഷാഫി തന്നെയായിരുന്നു. ജനനം മുതൽ ഇന്നലെ നടന്ന കാര്യങ്ങൾ വരെ അറിയാമെന്നതിനാൽ സിദ്ധന്റെ 'വെളിപ്പെടുത്തൽ' ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും അത്ഭുതമായിരുന്നു. ' ആഭിചാരകർമ്മങ്ങളിൽ പ്രഗത്ഭനാണെന്ന് വിശ്വസിപ്പിച്ച് ഷാഫി തന്നെ മന്ത്രവാദിയുടെ വേഷംകെട്ടിയെത്തി. സമ്പദ്സമൃദ്ധിക്കായി എന്തു ചെയ്യാനും ദമ്പതികൾ തയ്യാറായിരുന്നു. ഇതോടെ ലൈംഗിക ഉത്തേജനത്തിനായി സത്രീകളുടെ സ്വകാര്യഭാഗം ഭക്ഷിക്കാനുള്ള വർഷങ്ങളായുള്ള ആഗ്രഹം നരബലിയുമായി കൂട്ടിച്ചേർത്ത് ഷാഫി ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു.

ഭഗവൽ സിംഗിന്റെ രണ്ടാം ഭാര്യയായ ലൈലയും മുഹമ്മദ് ഷാഫിയും തമ്മിൽ വർഷങ്ങൾക്ക് മുമ്പേ പരിചയമുണ്ടെന്ന സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Advertisement
Advertisement