നഷ്‌ടമെണ്ണി ബൈജൂസ്; ലാഭത്തിലേറാൻ നെട്ടോട്ടം

Friday 14 October 2022 2:16 AM IST

കൊച്ചി: കുട്ടികൾക്ക് കമ്പം മൊബൈൽഫോണിനോടാണ്. പഠിക്കാൻ ബുക്ക് തുറക്കുന്നേയില്ല! രക്ഷിതാക്കളുടെ ഈ പരാതിയും പരിഭവവുമൊക്കെ മാറ്റാൻ കുട്ടികളുടെ മൊബൈൽക്കമ്പം തന്നെ ആയുധമാക്കുകയായിരുന്നു ബൈജൂസ്. മൊബൈൽ ആപ്പ് വഴി,​ ലളിതമായ വീഡിയോകൾ വഴി അവരെ പഠനത്തിലേക്ക് തിരിച്ചെത്തിച്ചു. പഠനം രസകരമായതോടെ പലരും ക്ളാസിലെ മിടുക്കന്മാരുമായി. അതോടെ,​ ബൈജൂസിന്റെ ജൈത്രയാത്ര തുടങ്ങി. പക്ഷേ,​ കണക്കുകൾ തെറ്റിയതും അതിവേഗമായിരുന്നു.

തുടക്കവും തളർച്ചയും

2011ലാണ് എഡ്യൂടെക് സ്‌റ്റാർട്ടപ്പായ ബൈജൂസിന് മലയാളി സംരംഭകനായ ബൈജു രവീന്ദ്രൻ തുടക്കമിട്ടത്. നിലവിൽ 1.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ചേരുന്നവർക്ക് ടാബ്‌ലറ്റും സൗജന്യസേവനങ്ങളുമടക്കം ബൈജൂസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ വീഴ്ചകളുണ്ടായെന്ന പരാതികൾ ഉയർന്നിരുന്നു.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് സ്വകാര്യകമ്പനികൾ സാമ്പത്തികവർഷത്തെ പ്രവർത്തനഫലക്കണക്ക് സമർപ്പിക്കണം. 2020-21ലെ കണക്ക് സമർപ്പിക്കാൻ നാലുവട്ടം സ്വയം തീയതി കുറിച്ചിട്ടും പാലിക്കാൻ ബൈജൂസിനായില്ല. ഓഡിറ്റിംഗ് സ്ഥാപനമായ ഡെലോയിറ്റ് ഇതിനിടെ ബൈജൂസ് ലാഭം കണക്കാക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതും തിരിച്ചടിയായി.ബൈജൂസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കാർത്തി ചിദംബരം എം.പി സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസിനെ (എസ്.എഫ്.ഐ.ഒ)​ സമീപിക്കുകയും ചെയ്‌തു.

അണപൊട്ടിയ അമർഷം

ഉപഭോക്താക്കളിൽ നിന്ന് വൻതുക ഫീസ് വാങ്ങിയും ടാബുകൾ നൽകിയുമാണ് ബൈജൂസ് കോഴ്‌സ് നൽകിയിരുന്നത്. വൻതുകയായിരുന്നതിനാൽ ഇ.എം.ഐ സൗകര്യവും നൽകിയിരുന്നു. ബൈജൂസ് ജീവനക്കാരിൽ നിന്ന് നിരന്തരം ഫോൺവിളികൾ എത്തിയതോടെ രക്ഷിതാക്കൾ അസ്വസ്ഥരായി; ജോലിഭാരത്തെച്ചൊല്ലി ചില ജീവനക്കാരിലും അമർഷമുണ്ടായി.

പാളിയ കണക്ക്

കൊവിഡ്കാലത്ത് ബൈജൂസ് കൊയ്‌തെടുത്ത നേട്ടമെല്ലാം 2022ൽ കൊഴിയുന്ന കാഴ്ച. വരുമാനം കൂപ്പുകുത്തി; നഷ്‌ടം കുമിഞ്ഞുകൂടി. കഴിഞ്ഞവർഷങ്ങളിൽ വൻ ആവേശത്തോടെ പല എതിർകമ്പനികളെയും ബൈജു ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത കമ്പനിയുടെ ഓഹരികൾക്ക് പണം കൈമാറാൻ പോലും പിന്നീട് ബൈജു പ്രതിസന്ധി നേരിട്ടു.

2019-20ലെ 2,​511.77 കോടി രൂപയിൽ നിന്ന് വരുമാനം 2,​428.39 കോടിയിലേക്ക് കുറഞ്ഞിരുന്നു. നഷ്‌ടം 231.69 കോടി രൂപയിൽ നിന്ന് 4,​588.75 കോടി രൂപയായി കുമിഞ്ഞു. 2021-22ലെ കണക്കുകൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 10,​000 കോടി രൂപയുടെ വരുമാനം നേടിയെന്ന് പറയുന്നുണ്ട്. നടപ്പുവർഷം ഇത് 12,​000 കോടി രൂപ കവിയുമെന്നും പറയുന്നു.

''ഞങ്ങൾ വരുമാനം കണക്കാക്കുന്ന രീതിയിൽ വരുത്തിയ മാറ്റംമൂലമാണ് 2020-21ലെ നഷ്‌ടം കുത്തനെ പെരുകിയപോലെ തോന്നാൻ കാരണം. മറ്റൊരു കമ്പനിയുടെ കട്ട് ആൻഡ് പേസ്‌റ്റ് അല്ലാത്തൊരു കമ്പനി സ്വയം കെട്ടിപ്പടുത്തുയർത്തുമ്പോൾ ഉണ്ടാകുന്ന ചെറിയ പ്രതിസന്ധികളേ ബൈജൂസിനുമുള്ളൂ"",​ - ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് ഇതേക്കുറിച്ച് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു.

ഏറ്റെടുക്കലും വീഴ്ചകളും

വെല്ലുവിളിയാകുമെന്ന് തോന്നിയ കമ്പനികളെ ഏറ്റെടുത്ത് കൂടിയാണ് ബൈജൂസ് മുന്നേറിയത്. സ്‌പേസ്ഡേൽ,​ ഇൻഫിനിറ്റ് സ്റ്റുഡന്റ്,​ വിദ്യാർത്ഥ,​ എഡ്യൂറൈറ്റ്,​ ട്യൂട്ടർവിസ്‌ത,​ മാത്ത് അഡ്വഞ്ചേഴ്‌സ്,​ ഓസ്‌മോ,​ ലാബ് ഇൻ ആപ്പ്,​ വൈറ്റ്‌ഹാറ്റ് ജൂനിയർ,​ സ്കോളർ,​ ആകാശ്,​ ഹാഷ്‌ലേൺ,​ ഗ്രേറ്റ് ലേണിംഗ്,​ ടോപ്പർ,​ എപിക്,​ ടിങ്കർ,​ ഗ്രേഡ്‌അപ്പ് തുടങ്ങിയവയെ കഴിഞ്ഞവർഷങ്ങളിൽ ഏറ്റെടുത്തു. പല ഏറ്റെടുക്കലുകളും ബൈജൂസിന് സാമ്പത്തികബാദ്ധ്യതയായി.

പിരിച്ചുവിടും

2,​500 പേരെ

നിലവിൽ 50,​000ഓളം ജീവനക്കാരുണ്ട് ബൈജൂസിൽ. ഇതിൽ 2,​500 പേരെ പിരിച്ചുവിടുമെന്ന് കമ്പനി സൂചിപ്പിച്ചു. ചെലവുകൾ വെട്ടിക്കുറച്ച് 2023 മാർച്ചിനകം ലാഭത്തിലേറാനുള്ള നടപടികളുടെ ഭാഗമാണിത്. പുതുതായി 10,​000 അദ്ധ്യാപകരെ നിയമിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Advertisement
Advertisement