ഇറ്റാലിയൻ പൗരൻമാർക്ക് കേസിൽ പങ്കില്ല, കൊച്ചി മെട്രോ ഗ്രാഫിറ്റിയ്ക്ക് പിന്നിലെ കരങ്ങളെ കണ്ടെത്താനാകാതെ പൊലീസ്
കൊച്ചി: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചതിന് പിന്നിൽ ഇറ്റാലിയൻ സ്വദേശികൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ്. കൊച്ചി മെട്രോ ബോഗിയിൽ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് ഇവർ ഇന്ത്യയിലെത്തിച്ചേർന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി രചന നടന്നത് മെയ് മാസത്തിലാണ്. എന്നാൽ ഇറ്റാലിയൻ പൗരൻമാർ ഇന്ത്യയിലെത്തിയത് സെപ്തംബർ 24-നാണ്.
അഹമ്മദാബാദിൽ സമാനമായ കൃത്യത്തിലേർപ്പെട്ടതിന് നാല് ഇറ്റലി സ്വദേശികൾ പൊലീസ് പിടിയിലായിരുന്നു. ഇവർക്ക് കൊച്ചി മെട്രോ ഗ്രാഫിറ്റി കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാനായി കൊച്ചിയിൽ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലെത്തിച്ചേർന്നിരുന്നു. ചോദ്യം ചെയ്യലിൽ നിന്നും കാര്യമായ തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ അന്വേഷണ സംഘം ഇന്ന് മടങ്ങി.
കഴിഞ്ഞ ആഴ്ചയായിരുന്നു അന്താരാഷ്ട്ര തലത്തിൽ ഗ്രാഫിറ്റി വാൻഡലിസം പ്രചരിപ്പിക്കുന്ന സംഘം അഹമ്മദാബാദ് മെട്രോയിൽ 'ടാസ്' എന്ന് ഗ്രാഫിറ്റി ആലേഖനം ചെയ്തത്. മെട്രോയുടെ ഉദ്ഘാടന ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുൻപായിരുന്നു ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നിവരെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ രാജ്യത്തെ മറ്റു ചില മെട്രോ സ്റ്റേഷനുകളിലും ഇവർ ഇത്തരത്തിൽ ഗ്രാഫിറ്റി വരച്ചിട്ടുള്ളതായി സൂചനകൾ ലഭിച്ചു. തുടർന്ന് ഇവർക്ക് കൊച്ചി മെട്രോ ഗ്രാഫിറ്റി കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പു വരുത്താനായി കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ സിഐ അടങ്ങുന്ന സംഘം അഹമ്മദാബാദിലെത്തിച്ചേരുക ആയിരുന്നു.
മെയ് മാസത്തിലാണ് കൊച്ചി മെട്രോയുടെ മുട്ടം യാർഡിലെ നിർത്തിയിട്ടിരുന്ന ബോഗികളിൽ 'ബേൺ', 'സപ്ളാഷ്' എന്നിങ്ങനെ ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിൽ സ്ഫോടനമെന്ന നിലയിൽ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.