'പുതുലഹരിക്ക് ഒരു വോട്ട്': ജനകീയ വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി

Friday 14 October 2022 12:04 AM IST
drugs

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടത്തുന്ന ലഹരി അവബോധ പദ്ധതിയായ 'പുതുലഹരിയിലേക്ക് 'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പുതുലഹരിക്ക് ഒരു വോട്ട്' ന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടൂപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാകളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു.

ലഹരിക്കെതിരെ അണിനിരക്കണമെന്നും പഠനത്തോടൊപ്പം സ്വയം കഴിവുകൾ കണ്ടെത്തി അവയെ ലഹരിയാക്കി മാറ്റണമെന്നും കളക്ടർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് ലഹരി അവബോധ പ്രചാരണം നടത്തുകയും ലഹരി ഉപയോഗത്തിൽ നിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നവർ എന്ന നിലക്ക് 'ലഹരി വിരുദ്ധ അംബാസഡർ' മാരായി വിദ്യാർത്ഥികൾ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

'പുതുലഹരിക്ക് ഒരു വോട്ടി'ന്റെ ബാലറ്റ് പേപ്പറുകൾ കളക്ടർ വിദ്യാർത്ഥികൾക്ക് കൈമാറി. തുടർന്ന് സൗഹൃദം,സിനിമ,വായന,ഭക്ഷണം തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തിയ ബാലറ്റ് പേപ്പറുകളിൽ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ഒക്ടോബർ 17, 19 തീയതികളിലായി പൂർത്തിയാക്കും. ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, എയ്ഡഡ് അൺ എയ്ഡഡ് തുടങ്ങി എല്ലാ വിഭാഗം ഹയർ സെക്കൻഡറി വിദ്യാലയങ്ങളെയും അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ ജില്ലയിലെ ഇരുന്നൂറോളം വരുന്ന ഹയർ സെക്കൻഡറി സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തിൽപരം വിദ്യാർത്ഥികൾ വോട്ടെടുപ്പിന്റെ ഭാഗമാകും.

കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ കോളേജുകളിൽ വിജയകരമായി പൂർത്തിയാക്കിയ വോട്ടെടുപ്പിന്റെ രണ്ടാം പതിപ്പാണിത്. ജില്ലാതല ഫലപ്രഖ്യാപനം 20 ന് ഓൺലൈനായി നിർവഹിക്കും. വാർഡ് കൗൺസിലർ റീജ കെ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്‌റഫ് കാവിൽ, സ്‌കൂൾ പ്രിൻസിപ്പൽ അനൂപ് വി .ആർ, പ്രധാനാദ്ധ്യാപകൻ അനിൽകുമാർ എസ്, പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ, അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ലഹരി മുക്ത നഗരത്തിനായി കോർപ്പറേഷൻ:

കോർപ്പറേഷൻ തല സമിതി രൂപീകരിച്ചു

കോഴിക്കോട്: മാരക സിന്തറ്റിക്ക് ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ തടയാൻ കർമപദ്ധതികളുമായി കോർപ്പറേഷൻ. കോർപ്പറേഷൻ മേയർ അദ്ധ്യക്ഷയായും എക്സൈസ് കമ്മിഷണർ കൺവീനറായും കോർപ്പറേഷൻ തല സമിതിക്ക് രൂപം നൽകി. നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ ,സാമൂഹിക സാമുദായിക സംഘടനാ പ്രതിനിധികൾ , സ്കൂൾ പ്രധാനാദ്ധ്യാപകർ, കോളേജ് പ്രിൻസിപ്പൽമാർ, വായനശാല ഭാരവാഹികൾ, മെഡിക്കൽ ഓഫീസർമാർ ,കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, യുവജന സംഘടനാ പ്രതിനിധികൾ, എസ്.പി.സി, എൻ.എസ്.എസ് , വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ,സ്കൂൾ പി.ടി.എ പ്രസിഡന്റുമാർ, സി.ഡി.പി.ഒമാർ, പ്രമുഖ വ്യക്തികൾ, വില്ലേജ് ഓഫീസർമാർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

ലഹരിക്കെതിരെ 21ന് മാനാഞ്ചിറ മൈതാനത്ത് 10,000 പേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. വാർഡ് തലത്തിൽ വാർഡ് തല സമിതി രൂപീകരിക്കാനും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിനായി മൂന്ന് സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ടാഗോർഹാളിൽ നടന്ന ആലോചന യോഗത്തിൽ 250 പേർ പങ്കെടുത്തു.

മേയർ സി.പി. മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി.രാജൻ , ഡോ.ജയശ്രീ , പി.കെ.നാസർ, സി.രേഖ , ഉമ്മർ പാണ്ടികശാല, സെക്രട്ടറി കെ.യു.ബിനി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ സ്വാഗതം പറഞ്ഞു.

Advertisement
Advertisement