ഇലക്ട്രിക് ഓട്ടോയുടെ മൈലേജ് കൂട്ടാൻ സോളാർ സെല്ലുമായി വിനോദ്

Friday 14 October 2022 12:19 AM IST

തിരുവനന്തപുരം: സൗരോർജ്ജത്തിന്റെ സഹായത്താൽ ഇലക്ട്രിക് ഓട്ടോയുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതിക വിദ്യയുമായി പേട്ട പാൽക്കുളങ്ങര സ്വദേശി വിനോദ് ഭാസ്‌കർ. ഫീനിക്സ് ഓട്ടോ എന്നാണ് ഓട്ടോറിക്ഷയ്‌ക്ക് പേര്.

100 കിലോമീറ്റർ ഓടാൻ ശേഷിയുള്ള ഓട്ടോയിലെ ബാറ്ററി സോളാർ സെല്ലുകളുടെ സഹായത്തോടെ ചാ‌ർജ് ചെയ്ത് 25 കിലോമീറ്റർ വരെ അധികം ഓടാൻ കഴിയുന്ന സങ്കേതമാണ് വിനോദ് വികസിപ്പിച്ചത്. ഫുൾ ചാർജുള്ള ബാറ്ററിക്കാണ് ഇത് പ്രയോജനപ്പെടുക. ചാർജ് നിശ്ചിത തോതിൽ കുറയുമ്പോൾ വൈദ്യുതിയിൽ പൂർണമായി ചാർജ് ചെയ്‌ത ശേഷം സോളാർ സെല്ലുകളുമായി ഘടിപ്പിച്ച് കൂടുതൽ ദൂരം ഓടാം.

മൂന്ന് വർഷം കൊണ്ടാണ് പ്രോട്ടോടൈപ്പ് നിർമ്മിച്ചത്. എട്ട് ലക്ഷം രൂപ ചെലവായി. വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചാൽ ചെലവ് 4 ലക്ഷം വരെ കുറയും.

സ്വീഡനിലെ ഓട്ടോമൊബൈൽ കമ്പനിയിൽ 26 വർഷത്തെ പരിചയസമ്പത്തുമായാണ് വിനോദ് ഓട്ടോ നിർമ്മിച്ചത്. സ്വീഡനിൽ നിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിംഗിൽ ബിരുദവും ഇലക്ട്രിക്കൽ വെഹിക്കിൾ അസംബ്ളിംഗ് ആൻഡ് മാനുഫാക്ചറിംഗ് കോഴ്സും പാസായിട്ടുണ്ട്. സ്വീഡനിലെ ക്ളീൻമോഷൻ കമ്പനി ഇന്ത്യയിൽ ഇലക്ട്രിക് ഓട്ടോ വിൽപന ആരംഭിച്ചപ്പോൾ പ്ളാന്റിന്റെ മേൽനോട്ടമായിരുന്നു. 2016ൽ ജോലി വിട്ടു. പിന്നീട് കൊച്ചി കുമ്പളങ്ങി സ്വദേശി ഷൺമാദുരൻ, കോഴിക്കോട് സ്വദേശി വിനു എബ്രഹാം എന്നിവരുമായി ചേർന്ന് ട്വിസ്റ്റ് എന്ന സ്റ്റാർട്ട് അപ്പ് തുടങ്ങി. അവിടെയാണ് ഫീനിക്സ് ഓട്ടോ എന്ന ആശയത്തിലേക്ക് എത്തിയത്. കുമ്പളങ്ങിയിലെ പ്ളാന്റിലാണ് നിർമ്മാണം.

സോളാർ പാനൽ

ഓട്ടോറിക്ഷയുടെ മുകളിൽ ഘടിപ്പിച്ച 400 വാട്ടിന്റെ സോളാർ പാനലാണ് ബാറ്ററി ചാർജ് ചെയ്യുന്നത്. വെയിലിൽ സോളാർ സെല്ലുകൾ ചാർജാവും. സോളാർ സെല്ലിനെ പവർ കൺട്രോളറിന്റെ സഹായത്തോടെ ഓട്ടോയിലെ ബാറ്ററിയുമായി ബന്ധിപ്പിച്ച് ചാർജ് ചെയ്യും. ശേഷി കൂടിയ ബാറ്ററിക്ക് 60,​000 രൂപ വരെ ചെലവാകും. സോളാർ സെൽ സ്ഥാപിക്കാൻ 35,​000 രൂപയാണ് ചെലവ്.

ഫീനിക്സ് ഓട്ടോ

250 കിലോയാണ് ഓട്ടോയുടെ ഭാരം

അലൂമിനിയം ബോഡി

ഹാൻഡിൽ ക്രൂസ് ബൈക്കിന്റെ മാതൃകയിൽ

വേഗത മണിക്കൂറിൽ 70 കിലോമീറ്റർ

10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ

വിനോദ് ഭാസ്‌കറിന്റെ നമ്പർ- 9599309848

Advertisement
Advertisement