മുന്നാക്ക വിഭാഗ സംവരണം: മാനദണ്ഡങ്ങളിൽ ഭേദഗതി

Friday 14 October 2022 1:17 AM IST

■വിദ്യാഭ്യാസ,ഉദ്യോഗ സംവരണത്തിന് വെവ്വേറെ സാക്ഷ്യപത്രം

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്

10 ശതമാനം സംവരണം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഭേദഗതി ചെയ്ത് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി.

'മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ' എന്നതിന് പകരം 'സംവരണാനുസൃതം പട്ടികജാതി , പട്ടികവർഗ വിഭാഗത്തിലോ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും ,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗങ്ങൾ ' എന്ന് മാറ്റം വരുത്തണമെന്ന് ഉത്തരവിൽ പറയുന്നു.

കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി വഴി സാമ്പത്തിക സംവരണം നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ആനുകൂല്യത്തിന് അർഹത നിർണയിക്കാൻ ഉദ്യോഗ സംവരണത്തിനും ,വിദ്യാഭ്യാസ സംവരണത്തിനും ഒരേ മാതൃകയിലുള്ള രണ്ട് സാക്ഷ്യപത്രങ്ങൾ ഉത്തരവിന്റെ അനുബന്ധമായി നിഷ്കർഷിച്ചിരുന്നു. ഇതു മൂലം ചില സമുദായങ്ങൾക്ക് ഇരട്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് മറ്റൊരു ഭേദഗതി. ഇതനുസരിച്ച്, വിദ്യാഭ്യാസാനുകൂല്യങ്ങൾക്കും ഉദ്യോഗ സംവരണങ്ങൾക്കും പ്രത്യേകം സാക്ഷ്യപത്രങ്ങൾ ഹാജരാക്കണം.

.

Advertisement
Advertisement