മത്സരിക്കാൻ 5 ടീമുകൾ, വനിതാ ഐ.പി.എൽ മാർച്ചിൽ

Friday 14 October 2022 1:54 AM IST

ന്യൂഡൽഹി: അഞ്ച് ടീമുകളെ ഉൾപ്പെടുത്തി വനിതാ ഐ.പി.എൽ 2023 മാർച്ചിൽ നടക്കുമെന്ന് റിപ്പോർട്ട്. 20 ലീഗ് മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. ലീഗ് ഘട്ടത്തിൽ ടീമുകൾ രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർ നേരിട്ട് ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനക്കാർ എലിമനേറ്ററിൽ ഏറ്രുമുട്ടും. ടീമുകൾക്ക് 5 വിദേശ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താം. ഒരു ടീമിൽ 6 വിദേശികളെ ഉൾപ്പെടെ 18 താരങ്ങളെ ഉൾപ്പെടുത്താം. 2 വേദികളിലായി മത്സരം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കൊച്ചിക്കും സാധ്യത

അഞ്ച് ടീമുകൾക്കായി സോണൽ അടിസ്ഥാനത്തിൽ നഗരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ലിസ്റ്റ് ഇങ്ങനെ: ജമ്മു/ധർമ്മശാല (നോർത്ത്സോൺ), പൂനെ/രാജ്കോട്ട് (വെസ്റ്റ്),ഇൻഡോർ/നാഗ്പൂർ/റായ്പൂർ (സെൻട്രൽ ), റാഞ്ചി/കട്ടക്ക് (ഈസ്റ്റ്), കൊച്ചി/വിശാഖപട്ടണം (സൗത്ത്), ഗുവാഹത്തി (നോർത്ത് ഈസ്റ്റ്).

Advertisement
Advertisement