പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു, കുട്ടിയാനയ്ക്ക് പരിക്ക്, നടപടിയെടുക്കാൻ നിർദേശിച്ച് വനംമന്ത്രി

Friday 14 October 2022 8:19 AM IST

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. വാളയാറിനും കഞ്ചിക്കോടിനും ഇടയിലുള്ള കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന കാട്ടാനക്കൂട്ടത്തെയാണ് ട്രെയിനിടിച്ചത്. ഇരുപത് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. കന്യാകുമാരി- അസം എക്‌സ്‌പ്രസാണ് ഇടിച്ചത്. ഇന്ന് പുലർച്ചെ നാലര മണിയോടെയായിരുന്നു സംഭവം.

കൊട്ടാമുട്ടി ഭാഗത്ത് സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങാറുണ്ട്. പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയാനയെ ട്രെയിനിടിക്കുകയായിരുന്നു. ആനയുടെ പുറകുവശത്താണ് ട്രെയിൻ തട്ടിയത്. പ്രസവിച്ച് അധികസമയം ആയിരുന്നില്ല. പിടിയാനയോടൊപ്പം ഒരു കുട്ടിയാനയും ഉണ്ടായിരുന്നു. കുട്ടിയാനയ്ക്ക് പരിക്കേറ്റതായി സംശയമുണ്ട്. ആനയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവസ്ഥലത്തിന് സമീപത്തുനിന്നും കാട്ടാനക്കൂട്ടം മാറാത്തതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലത്തെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഏറെസമയത്തിന് ശേഷം കാട്ടാനകൾ പലഭാഗങ്ങളിലേയ്ക്ക് പോയെങ്കിലും സമീപത്തായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പ് മന്ത്രി നിർദേശിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ ഉടൻ ആരംഭിക്കും.