വ്യാജവിദേശമദ്യം പൂടികൂടിയ സംഭവം യുവജന നേതാവിനെതിരെ കേസെടുത്തു

Saturday 15 October 2022 2:29 AM IST

പറവൂർ: വ്യാജ വിദേശമദ്യ ശേഖരം പിടികൂടിയ സംഭവത്തിൽ എ.ഐ.വൈ.എഫ് വടക്കേക്കര മേഖല സെക്രട്ടറിയു വാവക്കാട് പുതിയവീട്ടിൽ ജിന്റോയ്ക്കെതിരെ (34) എക്സൈസ് അധികൃതർ കേസെടുത്തു. ഇയാൾ ഒളിവിലാണ്. വടക്കേക്കര തറയിൽകവലയിലെ വീട് വാടകയ്ക്കെടുത്താണ് ഇയാൾ വ്യാജവിദേശമദ്യവും വ്യാപാരം നടത്തിയിരുന്നത്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 500 കുപ്പികളിലായി 250 ലീറ്റർ വ്യാജവിദേശ മദ്യം പിടിച്ചത്. ഫോട്ടോഗ്രഫറായ ജിന്റോ റെയ്ഡ് നടക്കുന്ന സമയത്ത് സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ വിനോദയാത പോയി മടങ്ങിവരികയായിരുന്നു. ജിന്റോയെ ബന്ധപ്പെട്ട എക്സൈസ് അധികൃതരോട് രണ്ട് മണിക്കൂറിനകം സ്ഥലത്തെത്തുമെന്ന് മറുപടി നൽകി. കുടുംബം വാടയ്ക്ക് താമസിക്കുന്ന വാവക്കാട്ടുള്ള വാടക വീട്ടിലെത്തിയ എക്സൈസ് സംഘം ഏറെ നേരം കാത്തിരുന്നെങ്കിലും വന്നില്ല. പിന്നീട് വിളിച്ചിട്ടും ഫോണിൽ കിട്ടിയില്ല. കൊടുങ്ങല്ലൂർ സ്വദേശിയായ ഒരാൾക്കും ബന്ധമുണ്ടെന്ന സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ട്. ജിന്റോയെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. വീട്ടിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ എക്സൈസ് റേഞ്ച് ഓഫിസിലേക്ക് മാറ്റി. എ.ഐ.വൈ.എഫിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇയാളെ നീക്കം ചെയ്തു.

Advertisement
Advertisement