വിഴിഞ്ഞം സമരം: ഒത്തുതീർക്കാൻ സർക്കാർ, അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യും

Saturday 15 October 2022 12:15 AM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് സൂചന. അതിനുമുമ്പ് മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്നേക്കും. മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. മുഖ്യമന്ത്രിയുടെ ഓഫീസ് വിഴിഞ്ഞത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്.

സമരസമിതി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

തിങ്കളാഴ്ച റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധം സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. സമര സമിതിക്കെതിരെ കടുത്ത നടപടി പാടില്ലെന്നും നഷ്‌ടക്കണക്ക് സംബന്ധിച്ച കാര്യങ്ങളിൽ അദാനി ഗ്രൂപ്പുമായി ഏറ്റുമുട്ടൽ വേണ്ടെന്നുമാണ് സർക്കാർ നിലപാട്.

തുറമുഖ നിർമ്മാണത്തിൽ സംസ്ഥാന വിഹിതമായ 810 കോടിയിൽ 400 കോടി അദാനി ഗ്രൂപ്പിന് വൈകാതെ അനുവദിച്ചേക്കും. ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്ന് സൂചന.

നിർമ്മാണം നടക്കുമ്പോൾ 400 കോടിയും പൂർത്തിയാകുമ്പോൾ ശേഷിക്കുന്നത് നൽകാമെന്നുമാണ് കരാർ. അദാനി ഗ്രൂപ്പിൽ നിന്ന് നിർമ്മാണം എന്ന് പൂർത്തിയാകും എന്ന് വ്യക്തമായ ഉറപ്പു വാങ്ങിയ ശേഷമാകും ആദ്യ ഗഡു അനുവദിക്കുക. സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ പരിശോധനയ്ക്കു ശേഷമേ പണം അനുവദിക്കൂ എന്നായിരുന്നു തുറമുഖ വകുപ്പിന്റെ ഇതുവരെയുള്ള നിലപാട്.

Advertisement
Advertisement