നിർമ്മാണം മുടങ്ങി, കൃഷി മുക്കും മുക്കോടി ഷട്ടർ

Saturday 15 October 2022 12:16 AM IST

പന്തളം: വലിയ തോട്ടിലെ മുക്കോടി ഷട്ടറിന്റെ പണി ഇഴഞ്ഞുനീങ്ങുന്നത് കാർഷിക മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുകയാണ്. കുരമ്പാല, പൂഴിക്കാട് ഭാഗത്തെ പച്ചക്കറി, നെൽ കർഷകരുടെ വളരെനാളത്തെ ആവശ്യമായിരുന്നു മുക്കോടി ഷട്ടർ പുനരുദ്ധാരണം. കനത്ത മഴയിൽ തോട്ടിലെ ജലനിരപ്പുയർന്നതും ഷട്ടർ പണിതുകിട്ടാത്തതുമാണ് പണി മുടങ്ങാൻ കാരണമായി ചെറുകിട ജലസേചന വകുപ്പ് അധികാരികൾ പറയുന്നത്. സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിലായി 15 ലക്ഷത്തോളം രൂപ ചെലവിൽ ചെറുകിട ജലസേചന വകുപ്പാണ് പണികൾ നടത്തുന്നത്.
കുരമ്പാല ഭാഗത്തുള്ള പുതുവാക്കൽ, മണ്ണുവയൽ, മാവനാൽ ഓണംകോട്, കൊടുംതാറ്റ് തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം ഷട്ടറിനെ ആശ്രയിച്ചായിരുന്നു കൃഷി നടത്തിവന്നിരുന്നത്. നെല്ല്, കപ്പ, ചേന, ഇഞ്ചി, ഏത്തവാഴ, ചേമ്പ്, മറ്റ് പച്ചക്കറിയിനങ്ങൾ എന്നിവ വ്യാപകമായി കൃഷിചെയ്യുന്ന പ്രദേശമാണ് ഇവിടം.
ഷട്ടറിന്റെ പലക ദ്രവിച്ച ഭാഗത്ത് ഇരുമ്പ് തകിടുറപ്പിച്ചും കമുകിൻ വാരിയുപയോഗിച്ച് കെട്ടി തടഞ്ഞുനിറുത്തിയായിരുന്നു വർഷങ്ങളായി പാടത്തേക്ക് വെള്ളം തിരിച്ചുവിട്ടിരുന്നത്. തോട്ടിൽ ഒഴുക്ക് കൂടുമ്പോൾ താത്ക്കാലികമായി പണിയുന്ന ഭാഗം ഇളകിപ്പോകുന്നതും പതിവായിരുന്നു. ഷട്ടർ താഴ്ത്തി വെള്ളം തടഞ്ഞുനിറുത്തി പാടത്തേക്ക് കയറ്റിയാണ് വർഷങ്ങളായി ഇവിടെ കൃഷി ചെയ്തിരുന്നത്. എന്നാൽ പലക തകർന്നതോടെ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു.

മോട്ടോറും പമ്പും ഒന്നും ഇല്ലാത്തതിനാൽ തോട്ടിൽ വെള്ളം കെട്ടിനിറുത്തി പാടത്തേക്ക് തുറന്നുവിട്ടായിരുന്നു കൃഷി നനയ്ക്കുക. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ വെള്ളക്കെട്ടിൽ നിന്ന് കൃഷിയെ രക്ഷിക്കാനും ഷട്ടർ ഉയർത്തിയിരുന്നു. ഈ തോട്ടിൽ തന്നെ മറ്റു പല ഭാഗത്തയും ഷട്ടറുകൾ തകരാറായത് കരാർ എടുത്തവർ പണി പൂർത്തീകരിച്ചു.

ചെലവ്: 15 ലക്ഷം രൂപ

തകരാറിലായ ഷട്ടറിന്റെ പണി എത്രയും വേഗം പൂർത്തികരിച്ചില്ലങ്കിൽ കൃഷി പ്രതിസന്ധിയിലാകും. അധികൃതർ നടപടി സ്വീകരിക്കണം.

രാജൻ, പാലപ്പള്ളി തെക്കേതിൽ,

കർഷകൻ

Advertisement
Advertisement