സർവകലാശാലയ്ക്ക് പുറത്ത് 2 സ്ഥാപനങ്ങൾക്ക് എം.ബി.എ കോഴ്സ്

Saturday 15 October 2022 12:36 AM IST

തിരുവനന്തപുരം: കേരള സർവകലാശാല പഠന വകുപ്പുകൾ നേരിട്ട് നടത്തുന്ന സി.എസ്. എസ് (ക്രെഡി​റ്റ് ആൻഡ് സെമസ്​റ്റർ സ്‌കീം) കോഴ്സുകൾ പുറത്തുള്ള സ്ഥാപനങ്ങൾക്ക് നൽകാനുള്ള സർവകലാശാലയുടെ തീരുമാനം പിൻവലിക്കണമെന്ന് കേരള യൂണിവേഴ്സി​റ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ വൈസ്ചാൻസലറോട് ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.എൽ മാനേജ്മെന്റ് അക്കാഡമി, തിരുവനന്തപുരം മൺവിള കാർഷിക സഹകരണ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് 30 സീറ്റു വീതം അനുവദിച്ചത്. ഇവരുമായി ധാരണാപത്രം ഒപ്പിട്ടത് സർവകലാശാലാ ചട്ടത്തിനും നിയമത്തിനും വിരുദ്ധമാണെന്ന് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി . സർവകലാശാലയുടെ മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിലെ പരീക്ഷാ നടത്തിപ്പ്, അധ്യാപക നിയമനം, പ്രവേശനം തുടങ്ങിയവ സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പുതുതായി കോഴ്സ് അനുവദിച്ച രണ്ട് സ്ഥാപനങ്ങളും സർവകലാശാലയുമായി നേരിട്ട് ബന്ധമില്ലാത്തവയാണ്. ഇത് പഠനത്തിന്റെയും പരീക്ഷ നടത്തിപ്പിന്റെയും സുതാര്യത ഇല്ലാതാക്കുമെന്നും ഓർഗനൈസേഷൻ ആരോപിച്ചു.

സിൻഡിക്കേറ്റ്

തീരുമാനമെന്ന്

അതേസമയം, കോഴ്സ് അനുവദിച്ചത് സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. സർവകലാശാല നേരിട്ട് നടത്തുന്നതോ, പൂർണ്ണനിയന്ത്രണത്തിലുള്ളതോ ആയ എം.ബി.എ. പ്രോഗ്രാമുകൾക്ക് എ.ഐ.സി.ടി.ഇ അംഗീകാരം ആവശ്യമില്ല. സായാഹ്ന എം.ബി.എ. കോഴ്സിനാണ് ഈ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. കോഴ്സ്ഫീസ്, പ്രവേശനം, അധ്യാപകരുടെ പാനൽ അംഗീകാരം, അധ്യയനം, സിലബസ്, പരീക്ഷ, മൂല്യനിർണ്ണയം എന്നിവ സർവകലാശാലയുടെ പൂർണനിയന്ത്രണത്തിലായിരിക്കും . അക്കാഡമിക് കോഴ്സുകൾ നടത്തിയുള്ള പരിചയം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം, പ്രഗത്ഭരായ അധ്യാപകർ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നീ ഘടകങ്ങളും പരിഗണിച്ചതായി സർവകലാശാല അറിയിച്ചു.

Advertisement
Advertisement