ഡിജിറ്റിൽ റീസർവേ: ആദ്യ ഘട്ടത്തിൽ 14,328 ഹെക്ടർ; സർവേ സഭകൾക്ക് തുടക്കം

Saturday 15 October 2022 12:36 AM IST

കൊച്ചി: സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേയ്ക്ക് മുന്നോടിയായുള്ള ബോധവത്കരണ പരിപാടികൾക്ക് (സർവേസഭ) ജില്ലയിൽ തുടക്കമായി. തിരുവാങ്കുളം, ആമ്പല്ലൂർ വില്ലേജുകളിലാണ് ആദ്യഘട്ട ബോധവത്കരണ പരിപാടികൾ നടന്നത്. 25വരെ സർവേ സഭകൾ ചേരും. നവംബറിൽ സർവേയ്ക്ക് തുടക്കമാകും.

നവംബർ ഒന്ന് മുതൽ ജില്ലയിലെ 127ൽ 13 വില്ലേജുകളിലായി 14,328 ഹെക്ടർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ റീസർവേ നടക്കുക. ഡിജിറ്റൽ റീസർവേയുടെ ജില്ലാതല ഉദ്ഘാടനവും കോർ സ്റ്റേഷൻ ഉദ്ഘാടനവും നവംബർ ഒന്നിന് നടക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് പറഞ്ഞു. കണയന്നൂർ വില്ലേജിലെ ചോറ്റാനിക്കര പഞ്ചായത്തിലാണ് ഉദ്ഘാടനം.

ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലാണ് കോർസ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. സർവേയർമാരുടെ നിയമനം വേഗത്തിലാക്കാൻ എഴുത്ത് പരീക്ഷ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ നടത്താൻ സർവേ ഡെപ്യൂട്ടി ഡയറക്ടറെയും അസിസ്റ്റന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തും.

ആദ്യ ഘട്ടത്തിലെ വില്ലേജുകൾ
(വില്ലേജ്, വിസ്തീർണം(ഹെക്ടർ)

പൂണിത്തുറ- 965
കണയന്നൂർ- 738
ആമ്പല്ലൂർ- 1084
തിരുവാങ്കുളം- 1032
മണീട്- 2615
രാമമംഗലം- 1408
വാളകം- 2109
പല്ലാരിമംഗലം- 1511
മട്ടാഞ്ചേരി- 465
പള്ളുരുത്തി- 532
തോപ്പുംപടി- 783
ഫോർട്ടുകൊച്ചി- 279
ഇടക്കൊച്ചി- 807

ഡ്രോൺ, ജി.പി.എസ്. ആർ.ടി.കെ, ടോട്ടൽ സ്‌റ്റേഷൻ എന്നിങ്ങനെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള റീസർവേ ഒരു വില്ലേജിൽ പൂർത്തിയാകാൻ അഞ്ച് മാസമെടുക്കും. ഒന്നിലേറെ വില്ലേജുകളിലെ റീസർവേ ഒരേസമയം നടക്കും.

Advertisement
Advertisement