മറ്റാർക്കുമൊപ്പമല്ലല്ലോ? കുടുംബാംഗങ്ങൾക്കൊപ്പമല്ലേ മുഖ്യമന്ത്രിയും മന്ത്രിമാരും പോയത്, അതിലെന്താണ് തെറ്റെന്ന് വീണാ ജോർജ്

Saturday 15 October 2022 12:58 PM IST

തിരുവനന്തപുരം: കുടുംബാംഗങ്ങൾക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശനത്തെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്വന്തം ഭാര്യയ‌്ക്കൊപ്പമല്ലേ മുഖ്യമന്ത്രി പോയതെന്നും, അതിലെന്താണ് തെറ്റെന്ന് വീണ ചോദിച്ചു. സർക്കാരിന്റെ പണം ഉപയോഗിച്ചല്ല മന്ത്രിമാരുടെ കുടുംബാംഗങ്ങൾ യാത്ര ചെയ‌്തതെന്നും വീണ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശനം വിജയകരമാണെന്നും, അതിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി തന്നെ ജനങ്ങളോട് വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

കഴിഞ്ഞദിവസം മന്ത്രി ശിവൻകുട്ടിയും വിദേശ സന്ദർശനത്തെ ന്യായീകരിച്ചിരുന്നു. സ്വന്തം ഭാര്യമാരുമായിട്ട് മന്ത്രിമാർ വിദേശത്ത് പോയതിൽ എന്താണ് തെറ്റെന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം. രണ്ടാഴ്‌ചത്തെ യൂറോപ്പ്, ദുബായ് സന്ദർശനത്തിന് ശേഷം ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കേരളത്തിലെത്തിയത്.

അതേസമയം, പിപിഇ കിറ്റ് അഴിമതിയിൽ മുൻമന്ത്രി കെ കെ ശൈലജയ‌്‌ക്ക് നോട്ടീസ് അയച്ച ലോകായുക്ത നടപടിക്ക് അമിതപ്രാധാന്യം നൽകേണ്ടതില്ലെന്ന പ്രതികരണമാണ് വീണ ജോർജ് നടത്തിയത്. വെറുംനടപടി ക്രമം മാത്രമാണ് നടന്നതെന്നും, അതിനപ്പുറത്തേക്കൊന്നും വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ന്യായീകരിച്ചു.