തെലങ്കാനയിൽ 750 കോടി രൂപ നിക്ഷേപവുമായി മലബാർ ഗോൾഡ്

Sunday 16 October 2022 3:11 AM IST

 ആഭരണ നിർമ്മാണകേന്ദ്രം, ശുദ്ധീകരണശാല എന്നിവയുടെ ശിലാസ്ഥാപനം നടത്തി

കോഴിക്കോട്: ലോകത്തെ ഏറ്റവുംവലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ മഹേശ്വരം ജനറൽ പാർക്കിൽ 750 കോടിരൂപ നിക്ഷേപത്തോടെ ആരംഭിക്കുന്ന 'മലബാർ ജെംസ് ആൻഡ് ജുവലറി" ആഭരണ നിർമ്മാണകേന്ദ്രത്തിന്റെയും ശുദ്ധീകരണശാലയുടെയും ശിലാസ്ഥാപനം തെലങ്കാന വ്യവസായമന്ത്രി കെ.ടി.രാമറാവു നിർവഹിച്ചു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ,​ തെലങ്കാന സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ കോർപ്പറേഷൻ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഇ.വി.നരസിംഹ റെഡ്ഡി,​ തെലങ്കാന സ്‌റ്റേറ്റ് ഇൻഡസ്‌ട്രീസ് ഡയറക്‌ടർ കൃഷ്ണഭാസ്കർ,​ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്,​ വൈസ് ചെയർമാൻ കെ.പി.അബ്ദുൾസലാം,​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ,​ മലബാർ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ എ.കെ.നിഷാദ്,​ മലബാർ ഗോൾഡ് റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ.സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.

2,​750 പേർക്ക് തൊഴിൽ

3.7 ഏക്കറിൽ 2.3 ലക്ഷം ചതുരശ്രഅടിയിലാണ് അമേരിക്ക,​ ജർമ്മനി,​ ഇറ്റലി എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങളുള്ള പദ്ധതി പ്രകൃതിസൗഹൃദമായി ഒരുങ്ങുന്നത്. തെലങ്കാന സർക്കാരാണ് അടിസ്ഥാനസൗകര്യമൊരുക്കിയത്.

പദ്ധതിയിൽ 2,​750 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പ്രതിവർഷം 10 ടൺ സ്വർണത്തിന്റെയും 1.5 ലക്ഷം കാരറ്റ് ഡയമണ്ടിന്റെയും ആഭരണങ്ങൾ ഇവിടെ നിർമ്മിക്കാം. വർഷം 180 ടൺ സ്വർണം ശുദ്ധീകരിക്കാനും സൗകര്യമുണ്ടാകും. ഡിസൈൻ സ്‌റ്റുഡിയോ,​ ഗവേഷണ,​ വികസനകേന്ദ്രം,​ ജീവനക്കാർക്കുള്ള താമസസൗകര്യം എന്നിവയും ഇവിടെയുണ്ടാകും. പദ്ധതി പ്രദേശത്തിന്റെ 33 ശതമാനം പച്ചപ്പിനായി നീക്കിവച്ചിട്ടുണ്ട്.

''മെയ്ക്ക് ഇൻ ഇന്ത്യ,​ മാർക്കറ്റ് ടു ദ വേൾഡ് എന്ന മലബാർ ഗ്രൂപ്പിന്റെ ലക്ഷ്യത്തിന് കൂടുതൽ ഊർജം പകരുന്നതാണ് തെലങ്കാനയിലെ പദ്ധതി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ വളർച്ചയിലും പദ്ധതി നാഴികക്കല്ലായി മാറും""

എം.പി.അഹമ്മദ്,​

ചെയർമാൻ,​ മലബാർ ഗ്രൂപ്പ്

മലബാർപ്പെരുമ

2022-23 വർഷത്തേക്കായി മലബാർ ഗ്രൂപ്പ് പ്രഖ്യാപിച്ച വികസനപദ്ധതിയുടെ ഭാഗമാണ് തെലങ്കാനയിലെ നിർമ്മാണകേന്ദ്രവും ശുദ്ധീകരണശാലയും. നിലവിൽ മുംബയ്,​ കൊൽക്കത്ത,​ ഹൈദരാബാദ്,​ ബംഗളൂരു,​ കോയമ്പത്തൂർ,​ കോഴിക്കോട്,​ തൃശൂർ,​ ഖത്തർ,​ ദുബായ്,​ ഷാർജ,​ ബഹ്‌റൈൻ എന്നിവിടങ്ങളിൽ കമ്പനിക്ക് ആഭരണ നിർമ്മാണശാലകളുണ്ട്.

 10 രാജ്യങ്ങളിലായി ഷോറൂമുകൾ 280ലധികം.

 ഇന്ത്യയ്ക്ക് പുറമേ ഷോറൂമുകളുള്ളത് യു.എ.ഇ.,​ കുവൈറ്റ്,​ ബഹ്‌റൈൻ,​ ഒമാൻ,​ ഖത്തർ,​ സൗദി അറേബ്യ,​ മലേഷ്യ,​ സിംഗപ്പൂർ,​ അമേരിക്ക എന്നിവിടങ്ങളിൽ.

 ഓസ്‌ട്രേലിയ,​ ബ്രിട്ടൻ,​ ബംഗ്ളാദേശ്,​ ഈജിപ്‌ത്,​ ദക്ഷിണാഫ്രിക്ക,​ കാനഡ എന്നിവിടങ്ങളിൽ വൈകാതെ ഷോറൂമുകൾ തുറക്കും.

 നടപ്പുവർഷം അവസാനിക്കുമ്പോഴേക്കും ലക്ഷ്യം 13 രാജ്യങ്ങളിലായി 373 ഷോറൂമുകൾ.

 2025ഓടെ 75,​000 കോടി രൂപ വിറ്റുവരവുമായി ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പാവുകയാണ് ലക്ഷ്യം.

Advertisement
Advertisement