ഇരട്ട നരബലി: ഇലന്തൂരിൽ തെളിവെടുപ്പ്, ഡമ്മി ഉപയോഗിച്ചും പരിശോധന

Sunday 16 October 2022 12:04 AM IST

പത്തനംതിട്ട: ദൃക്‌സാക്ഷികളില്ലാത്ത നരബലി കേസിൽ ശാസ്ത്രീയ തെളിവുകൾ തേടി ഇലന്തൂരിലെ വീട്ടിൽ മണിക്കൂറുകൾ നീണ്ട തെളിവെടുപ്പ് . പ്രതികളായ മുഹമ്മദ് ഷാഫി (52), ഭഗവൽസിംഗ് (68), ലൈല എന്നിവരെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇന്നലെ ഉച്ചയ്ക്ക് 1.49ന് ആരംഭിച്ച തെളിവെടുപ്പ് രാത്രിവൈകിയും നീണ്ടു. പത്മയും റോസ്‌ലിനും കൊല്ലപ്പെട്ടതെന്ന് കരുതുന്ന മുറിക്കുള്ളിൽ സ്ത്രീയുടെ ഡമ്മി ഉപയോഗിച്ചും തെളിവെടുപ്പ് നടത്തി.

നരബലിക്കായി കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനായി 15 അടി താഴ്ചയിൽവരെ കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായ്കളെ ഉപയോഗിച്ച് പറമ്പ് പരിശോധിച്ചു . പറമ്പിൽ നിന്ന് ഒരു എല്ലിൻ കഷണം കണ്ടെത്തി. ഇത് മൃഗത്തിന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

പ്രതികളെ പ്രത്യേകം വിളിച്ചാണ് മുറികൾക്കുളളിൽ ഡമ്മി പരിശോധന നടത്തിയത്. വീട്ടിലും സമീപത്തെ തിരുമ്മൽ കേന്ദ്രത്തിലും നടത്തിയ പരിശോധനയിൽ ചില ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിക്കുന്നില്ല.

തെളിവുകൾ നിരത്തുമ്പോൾ മാത്രമാണ് ചിലത് വെളിപ്പെടുത്തുന്നത്. കൂടുതൽ ചോദ്യം ചെയ്തശേഷം ആവശ്യമെങ്കിൽ വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement