ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവം മൂവാറ്റുപുഴയിൽ

Sunday 16 October 2022 12:20 AM IST

കൊച്ചി: റവന്യൂ ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവം നവംബർ 1 മുതൽ 3 വരെ മൂവാറ്റുപുഴയിൽ നടക്കും. കൊവിഡിന് ശേഷം വിദ്യാഭ്യാസ വകുപ്പ് ജില്ലയിൽ നടത്തുന്ന ആദ്യ മേളയാണിത്.

ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യശാസ്ത്ര മേള, ഐ.ടി മേള, വൊക്കേഷണൽ എക്‌സ്‌പോ എന്നിവയാണ് ഉണ്ടാവുക. പ്രധാന വേദി നിർമ്മല എച്ച്.എസ്.എസാണ്.

വേദികൾ

ശാസ്ത്രമേള : നിർമല എച്ച്.എസ്.എസ്

ഗണിതശാസ്ത്രമേള : എസ്.എൻ.ഡി.പി എച്ച്.എസ്.എസ്

സാമൂഹ്യശാസ്ത്ര മേള, ഐ.ടി മേള: സെന്റ് അഗസ്റ്റിൻ ഗേൾസ് ഹൈസ്‌കൂൾ

പ്രവൃത്തി പരിചയമേള: മോഡൽ എച്ച്.എസ്.എസ്

വൊക്കേഷണൽ എക്‌സ്‌പോ: തർബിയത്ത് എച്ച്.എസ്.എസ്

 പ്രദർശന വിപണനമേള

ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് കോട്ടയം, എറണാകുളം ജില്ലകളിലെ 65 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഒരുക്കും. മേള കൂടുതൽ ജനകീയമാക്കുന്നതിനായി പ്രത്യേക സെമിനാറുകളും സംഘടിപ്പിക്കും.

 ലോഗോ മത്സരം

മേളയുടെ ലോഗോ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾക്ക് പ്രത്യേക മത്സരം സംഘടിപ്പിക്കും.

 സ്വാഗതസംഘം രൂപീകരിച്ചു

മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,​ കളക്ടർ എന്നിവർ രക്ഷാധികാരികളും അഡ്വ.മാത്യു കുഴൽനാടൻ എം.എൽ.എ (ചെയർമാൻ). മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് (വൈസ് ചെയർമാൻ) ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളുമായി സ്വാഗതസംഘവും നഗരസഭാ കൗൺസിലർമാർ ചെയർമാന്മാരായും അദ്ധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

 താമസം,​ ഭക്ഷണം

മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണം, വിദ്യാർത്ഥികൾക്ക് താമസ സൗകര്യം , എല്ലാ വേദികളും വൈദ്യസഹായം എന്നിവ ക്രമീകരിക്കും.

Advertisement
Advertisement