സർവീസ് മുടക്കി കെ.എസ്.ആർ.ടി.സി കഠിനം രാത്രി യാത്ര

Sunday 16 October 2022 12:30 AM IST
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ രാത്രിയിൽ ബസിനായി കാത്തിരിക്കുന്ന യാത്രക്കാർ

കോഴിക്കോട്: കെ.എസ്.ആർ.ടി.സി രാത്രി സർവീസുകൾ കുറഞ്ഞതോടെ വയനാട് -താമരശ്ശേരി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ദുരിതത്തിൽ. രാത്രി പത്തിനു ശേഷം വിരലിലെണ്ണാവുന്ന ബസുകളാണ് സർവീസ് നടത്തുന്നത്. ഇതോടെ മൂന്നും നാലും മണിക്കൂർ ബസിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

വിദൂര സ്ഥലങ്ങളിൽ നിന്ന് ട്രെയിനിലെത്തി ബസ് പ്രതീക്ഷിച്ച് സ്റ്റാൻഡിൽ എത്തുന്നവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവരുമാണ് കെ.എസ്.ആർ.ടി.സിയുടെ തോന്ന്യാസത്തിന് പ്രധാനമായും ഇരകളാവുന്നത്. ബസ് കാത്തിരുന്ന് മടുത്ത യാത്രക്കാരും ടിക്കറ്ര് കൗണ്ടറിലുള്ളവരും തമ്മിലുള്ള വാക്കേറ്രം നിത്യകാഴ്ചയാണ്.

പത്തു മണിയുടെ ബസ് കഴിഞ്ഞാൽ പിന്നെയുള്ളത് പതിനൊന്നരയുടെ മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസാണ്. ഈ ബസുകൾ പല ദിവസങ്ങളിലും സ്റ്റാൻഡിലെത്താൻ പന്ത്രണ്ട് കഴിയും. എത്തിക്കഴിഞ്ഞാൽ അര മണിക്കൂർ വിശ്രമവും. തൊട്ടു പിറകെയുള്ള പെരിക്കല്ലൂർ ബസാകട്ടെ പന്ത്രണ്ട് കഴിയും. ബസ് എത്തുമ്പോഴേക്കും നാലു വണ്ടിയ്ക്കുള്ള ആളുകൾ തിക്കിത്തിരക്കുന്നുണ്ടാവും. കൈയാങ്കളിക്കൊടുവിലെ ബസിനകത്ത് കയറിപ്പറ്റാൻ സാധിക്കൂ. 'ഗുസ്തി' പിടിക്കാൻ കഴിയാത്തവർ അടുത്ത ബസിനായി പിന്നെയും കാത്തിരിക്കണം. ഇടിച്ച് കയറുന്നത് മൂലം പരിക്ക് പറ്റുന്നതും മോഷണവും പതിവാണ്.

കൊവിഡിന് മുമ്പ് പത്ത് കഴിഞ്ഞാൽ അരമണിക്കൂറിന്റെ വ്യത്യാസത്തിൽ ബാലുശ്ശേരി വഴി താമരശ്ശേരി ഭാഗത്തേക്ക് ഓർഡിനറി ബസ് ഓടിയിരുന്നു. രാത്രി വൈകി ജോലി കഴിഞ്ഞിറങ്ങുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു ബാലുശ്ശേരി താമരശ്ശേരി സർവീസ്. എന്നൽ ഈ സർവീസ് മുടങ്ങിയതോടെ താമരശ്ശേരി, കൊടുവള്ളി. കുന്ദമംഗലം, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാനന്തവാടി, സുൽത്താൻ ബത്തേരി ബസുകളാണ് ഏക ആശ്രയം. ഒമ്പത് മണി കഴിഞ്ഞാലുടനെയുളള താമരശ്ശേരി സർവീസുകൾ നിർത്തിയതും യാത്രക്കാർക്ക് തിരിച്ചടിയായി. 11 മണിയ്ക്ക് ശേഷം താമരശ്ശേരി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തമെന്നാണ് യാത്രക്കാരുടെ ആവശ്യം. ലോക്ക്ഡൗണിനു മുമ്പ് രാത്രി ഇടവിട്ടെന്നോണം ഈ റൂട്ടിൽ ബസ് സർവീസുണ്ടായിരുന്നു. 10.44ന് സുൽത്താൻ ബത്തേരിയ്ക്കും 11ന് മൈസൂരുവിലേക്കും മറ്റും സർവീസുണ്ടായിരുന്നു. എന്നാൽ നിർത്തലാക്കിയ സർവീസുകൾ ഇതുവരെയും പുനരാരംഭിച്ചിട്ടില്ല.

' ജോലി കഴിഞ്ഞ് രാത്രിയാണ് പോകാറുള്ളത്. ബസ് ഇല്ലാത്തതിനാൽ മണിക്കൂറുകളോളം നിൽക്കേണ്ടി വരുന്നു. താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം ഭാഗങ്ങളിലേക്ക് രാത്രിയിൽ ധാരാളം യാത്രക്കാരുണ്ടാവും. 10 മണിയ്ക്ക് ശേഷം ഈ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം.- ജിനേഷ് , യാത്രക്കാരൻ

തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് പോവുകയാണ്. സ്റ്റാൻഡിൽ 10 മണിയ്ക്ക് നിൽക്കാൻ തുടങ്ങിയതാണ് ഇരിക്കാൻ പോലും സ്ഥലം ഇല്ല, ബസ് ഉണ്ടോ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരവും നൽകുന്നില്ല- ഷീജ വയനാട്ടിലേക്കുള്ള യാത്രക്കാരി

''ബസില്ലെന്ന പ്രശ്നം ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. പരിശോധിച്ച് സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കും. പി.എം.ഷറഫ് മുഹമ്മദ്, എക്സിക്യുട്ടീവ് ‌ഡയറക്ടർ , കെ.എസ്.ആർ.ടി.സി നോർത്ത് സോൺ.

Advertisement
Advertisement