കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന കേരളത്തിൽ നരബലി അപമാനകരം: മനോജ് ഭട്ടാചാര്യ

Sunday 16 October 2022 12:41 AM IST

ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം

കൊല്ലം: കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന കേരളത്തിൽ നരബലി നടന്നത് അപമാനകരമാണെന്ന് ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു. ആർ.എസ്.പി 17-ാം സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടത് സർക്കാർ തീവ്ര വലതുപക്ഷ നയങ്ങളാണ് സ്വീകരിക്കുന്നത്. ഒപ്പം മോദിയെയും അമിത് ഷായെയും അനുകരിക്കാനും ശ്രമിക്കുന്നു. ആരെയൊക്കെയോ സംരക്ഷിക്കാനാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത്. ഇതുപേക്ഷിക്കണം. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊണ്ട് സാധാരണക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.

രാജ്യത്തെ വിഘടിപ്പിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അതിതീവ്ര ദാരിദ്ര്യമാണ് രാജ്യം നേരിടുന്നത്. നിതി ആയോഗ് കണക്കനുസരിച്ച് രാജ്യത്ത് 14 ശതമാനം ആളുകൾ അതി തീവ്ര ദാരിദ്ര്യത്തിലാണ്. നൈജീരിയയിലേതുപോലെ ഇത് 50 ശതമാനമായി ഉയർന്നേക്കുമെന്ന് ആശങ്കപ്പെടുന്നു. മോദി ഭരണം കൊണ്ട് നേട്ടമുണ്ടാക്കുന്നത് അദാനിയും അംബാനിയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ പുറത്താക്കുക

ലക്ഷ്യം: പ്രേമചന്ദ്രൻ

മോദി സർക്കാരിനെ പുറത്താക്കാനുള്ള ഏത് അവസരവും പ്രയോജനപ്പെടുത്തുകയാണ് ആർ.എസ്.പിയുടെ ദേശീയ നയമെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഇതിന് ശക്തമായ മതേതര ബദൽ രൂപപ്പെടണം. ഇക്കാര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നിർണായക പങ്ക് വഹിക്കാനാകും. കേരളത്തിലെ ഇടതുപക്ഷ സർക്കാർ തീവ്ര വലതുപക്ഷ പിന്തിരിപ്പൻ നയങ്ങളാണ് സ്വീകരിക്കുന്നത്. അഴിമതി വിരുദ്ധത പറഞ്ഞവർ ലോകായുക്തയുടെ പല്ലും നഖവും പിഴുതുമാറ്റി. കെ.എസ്.ആർ.ടി.സിയെ സ്വയം വധത്തിന് വിധേയമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധന നിക്ഷേപത്തിന് ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങളായ ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, കേന്ദ്ര കമ്മിറ്റിയംഗം കെ.സിസിലി, മറ്റ് നേതാക്കളായ കെ.ജി.വിജയദേവൻ പിള്ള, വിഷ്ണു മോഹൻ, വിഷ്ണു സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ എന്നിവർ സംസാരിച്ചു.

നഗരത്തെ ചെങ്കടലാക്കി ആയിരങ്ങൾ അണിനിരന്ന ബഹുജന റാലിയും റെഡ് വോളണ്ടിയേസ് മാർച്ചും നടന്നു. ആശ്രാമത്ത് നിന്ന ആരംഭിച്ച റാലി സമ്മേളന നഗറായ കന്റോൺമെന്റ് മൈതാനിയിൽ സമാപിച്ചു. പ്രതിനിധി സമ്മേളനം ഇന്നും നാളെയും സി.കേശവൻ സ്മാരക ടൗൺ ഹാളിൽ നടക്കും.

Advertisement
Advertisement