പകരം ഭൂമി കണ്ടെത്തിയില്ല, ജയിൽമാറ്റം ലോക്കപ്പിൽ!

Sunday 16 October 2022 12:58 AM IST

കൊല്ലം: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ജില്ലാ ജയിലിന് പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇഴയുന്നു. നഗരത്തിലും സമീപത്തുമായി നിരവധി സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും നാട്ടുകാരുടെ എതിർപ്പും ഭൂമി വിട്ടുനൽകുന്നതിൽ സർക്കാർ വകുപ്പുകളുടെ താത്പര്യക്കുറവുമാണ് തടസമാകുന്നത്.

സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിൽ അവരവരുടെ പ്രോജക്ടുകൾ ആരംഭിക്കാനാണ് താത്പര്യം. റവന്യൂ വകുപ്പിന്റെ ഭൂമി ഭൂരഹിതർക്കായുള്ള ഭവന പദ്ധതിക്കായി വിനിയോഗിക്കുന്നതിനാൽ ജയിൽ വകുപ്പിന്റെ അപേക്ഷ തുടർച്ചയായി തഴഞ്ഞു. അടുത്തകാലത്ത് സർക്കാർ ഏറ്റെടുത്ത പള്ളിത്തോട്ടത്തെ ഭൂമി കേസിൽ കുടുങ്ങിയതിനാൽ ആ പ്രതീക്ഷയും കൈവിട്ടു.

ജയിലിന്റെ ഒരുവശത്ത് ടൗൺ യു.പി സ്കൂളും മറ്റുഭാഗത്ത് തിരക്കേറിയ റോഡുമാണ്. സ്ഥലപരിമിതിയും സുരക്ഷാ പ്രശ്നങ്ങളും കാരണം ജയിൽ മാറ്റിസ്ഥാപിക്കാൻ വർഷങ്ങൾക്ക് മുമ്പേ അനുമതി ലഭിച്ചിരുന്നു.എന്നാൽ, ശാസ്താംകോട്ട രാജഗിരിയിൽ കായൽ തീരത്തോട് ചേർന്ന് ഭൂമി കണ്ടെത്തിയെങ്കിലും പിന്നീടത് വേണ്ടെന്നുവച്ചു. കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിൽ ഭൂമി കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.


നിലവിൽ 52 സെന്റ് സ്ഥലം

കളക്ടറേറ്റിന് എതിർവശത്ത് 52 സെന്റ് സ്ഥലത്താണ് ഇപ്പോൾ ജയിൽ സ്ഥിതിചെയുന്നത്. 1959ൽ ആരംഭിച്ച ജയിലിൽ തടവുകാരുടെ എണ്ണം കൂടിയപ്പോൾ മൂന്ന് നിലകളുള്ള പുതിയ കെട്ടിടം 2010ൽ നിർമ്മിച്ചു. ഈ കെട്ടിടത്തിലാണ് ഇപ്പോൾ തുടവുകാരെ പാർപ്പിച്ചിരിക്കുന്നത്.

പരിമിതിയിൽ കുരുങ്ങി ജില്ലാ ജയിൽ

തടവുകാരുടെ എണ്ണം വർദ്ധിച്ചു

 സുരക്ഷാ പ്രശ്നവും ഉയരുന്നു

 തൊഴിലൊരുക്കലിനെ ബാധിച്ചു

 ആകെയുള്ളത് ചാപ്പാത്തി, ബിരിയാണി യൂണിറ്റ്

 മറ്റ് തൊഴിലുകൾ ആരംഭിക്കാനാവുന്നില്ല

 കൃഷി ചെയ്യാൻ കൂടുതൽ സ്ഥലം ആവശ്യം

തടവുകാരുടെ എണ്ണം - 170

നിരോധിത ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ള കേസുകൾ വർദ്ധിച്ചു. തടവുകാരുടെ എണ്ണം കൂടിയത് സ്ഥലപരിമിതിയെ ബാധിച്ചു.

ജയിൽ അധികൃതർ

Advertisement
Advertisement