സംസ്ഥാനത്തെ ആദ്യ മൾട്ടി സ്‌പെഷ്യാലിറ്റി ഇ.എസ്.ഐ ആശുപത്രി പെരുമ്പാവൂരിൽ

Sunday 16 October 2022 1:00 AM IST

കൊച്ചി: സംസ്ഥാനത്തെ ആദ്യ മൾട്ടി സ്‌പെഷ്യാലിറ്റി ഇ.എസ്.ഐ ആശുപത്രി മൂന്നു വർഷത്തിനുള്ളിൽ പെരുമ്പാവൂരിൽ സ്ഥാപിതമാകും. അഞ്ച് ഏക്കറിലായി നൂറ് കോടിയിലധികം രൂപയിലാണ് ആശുപത്രി സജ്ജമാകുന്നത്. സർക്കാർ സ്ഥലം ലഭ്യമായില്ലെങ്കിൽ സ്വകാര്യഭൂമി ഏറ്റെടുക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. പൂർണമായും ഇ.എസ്.ഐ കോർപ്പറേഷൻ ഫണ്ടിൽ സ്ഥാപിക്കുന്ന ആശുപത്രിയിൽ നൂറിലേറെ ബെഡുകൾ, ഐ.സി.യു ഓപ്പറേഷൻ തിയേറ്ററുകൾ, ഫാർമസി, ഡയാലിസിസ് സെന്റർ, അടിയന്തര ചികിത്സാ വിഭാഗം, കാന്റീൻ തുടങ്ങിയ സംവിധാനങ്ങളുണ്ടാകും.

റൂമുകൾ, വാർഡുകൾ, ചികിത്സാ വിഭാഗങ്ങൾ, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കൊല്ലം ആശ്രാമം ആശുപത്രിയിൽ സ്‌പെഷ്യാലിറ്റി സംവിധാനങ്ങൾ ഉണ്ടെങ്കിലും മൾട്ടി സ്‌പെഷ്യാലിറ്റി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

എറണാകുളം, ആലപ്പുഴ, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലക്കാർക്കും പെരുമ്പാവൂരിലെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾക്കും ആശുപത്രി സഹായമാകും.

ആശുപത്രി നമ്പർ 15
സംസ്ഥാനത്തെ 15ാമത്തെ ഇ.എസ്.ഐ ആശുപത്രിയാണ് പെരുമ്പാവൂരിലേത്. ഇതിൽ ഒൻപതെണ്ണം സംസ്ഥാന സർക്കാരിന്റെ അധീനതയിലും നാലെണ്ണം ഇ.എസ്.ഐ കോർപ്പറേഷന്റെ അധീനതയിലുമാണ്. 128 ബെഡുകളുള്ള പേരൂർക്കട ഇ.എസ്.ഐ യാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഇ.എസ്.ഐ ആശുപത്രി. പാലക്കാടും കണ്ണൂർ തോട്ടടയിലുമുള്ള ആശുപത്രികളിലാണ് കുറവ് ബെഡുകൾ - 50എണ്ണം വീതം.

ഇ.എസ്.ഐ ആശുപത്രികൾ
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ളവ

(ആശുപത്രി, ബെഡ്, ജില്ല എന്ന കണക്കിൽ)
പേരൂർക്കട- 128- തിരുവനന്തപുരം
ആലപ്പുഴ- 55- ആലപ്പുഴ
വടവാതൂർ- 65- കോട്ടയം
എറണാകുളം നോർത്ത്- 65- എറണാകുളം
ഒളരിക്കര- 102- തൃശൂർ
മുളങ്കുന്നത്തുകാവ്- 110- തൃശൂർ
പാലക്കാട്- 50- പാലക്കാട്
ഫറൂക്ക്- 100- കോഴിക്കോട്
തോട്ടട- 50- കണ്ണൂർ

(കൊല്ലം ജില്ലയിലെ പാരിപ്പള്ളി, ആശ്രാമം, എഴുകോൺ, എറണാകുളം ഉദ്യോഗമണ്ഡൽ ആശുപത്രികൾ ഇ.എസ്.ഐ കോർപ്പറേഷനു കീഴിലാണ്)

മൂന്നാറിൽ ഡിസ്‌പെൻസറി
മൂന്നാർ കണ്ണൻദേവൻ ഹിൽസിൽ പുതിയ ഇ.എസ്.ഐ ഡിസ്‌പെൻസറി മൂന്നുമാസത്തിനുള്ളിൽ ദേവികുളം പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. ദേവികുളം എം.എൽ.എ എ. രാജ ആശുപത്രിക്കായി 10ലക്ഷം രൂപ അനുവദിച്ചു. നാല് ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ സോണിലെ 56ാമത്തെ ഡിസ്‌പെൻസറിയാണ് മൂന്നാറിലേത്. തോട്ടം മേഖലയിൽ കട്ടപ്പനയിൽ മാത്രമാണ് വേറെ ഡിസ്‌പെൻസറിയുള്ളത്.

Advertisement
Advertisement