ഇന്ധനം നിറയ്ക്കാൻ കൊല്ലം പോർട്ടിൽ കപ്പലുകൾ

Sunday 16 October 2022 1:11 AM IST

കൊല്ലം: ഇന്ധനം നിറയ്ക്കുന്നതിനൊപ്പം ശുദ്ധജലവും ഭക്ഷണസാധനങ്ങളും ശേഖരിക്കാൻ കൊല്ലം പോർട്ടിൽ രണ്ട് കപ്പലുകളടുത്തു. ആന്ധ്രയിലെ കാക്കിനട പോർട്ടിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര പോർട്ടിലേക്ക് നിർമ്മാണ സാമഗ്രികളുമായി പോവുകയായിരുന്ന ഡോൾഫിൻ-2, വംശി-5 എന്നീ കപ്പലുകളാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ കൊല്ലം പോർട്ടിൽ നങ്കൂരമിട്ടത്.

ഇന്നലെ വൈകുന്നേരത്തോടെ ഇന്ധനം സംഭരിച്ചു. ഇന്ന് രാവിലെ ഭക്ഷണസാധനങ്ങളും ശുദ്ധജലവും ശേഖരിച്ച് എട്ടോടെ ഗുജറാത്തിലേക്ക് യാത്ര തിരിക്കും.

വിഴിഞ്ഞം പോർട്ട് നിർമ്മാണത്തിന് എത്തിച്ച അദാനിയുടെ കൂറ്റൻ ഡ്രഡ്ജറും കഴിഞ്ഞ വ്യാഴാഴ്ച കൊല്ലം പോർട്ടിൽ എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കപ്പൽ ചാനലിനോട് ചേർന്നുകിടക്കുന്ന പോർട്ടായതിനാൽ കപ്പലുകളുടെ ഇന്ധനം നിറയ്ക്കുന്ന ബങ്കറിംഗിൽ കൊല്ലം പോർട്ടിന് വലിയ സാദ്ധ്യതയാണ്.

എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ ഈ സാദ്ധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.

ഇന്ധനം നിറയ്ക്കാൻ അടുപ്പിക്കുന്ന കപ്പലുകളിലെ ജീവനക്കാരും മാറുന്ന ക്രൂ ചെയ്ഞ്ചിംഗിനും സാദ്ധ്യതയുണ്ട്. എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ പോർട്ടിൽ ജീവനക്കാർക്ക് ഇറങ്ങാൻ കഴിയാത്തതാണ് തടസം.

Advertisement
Advertisement