എരുത്തേമ്പതി മേഖലയിൽ വൻ നാശനഷ്ടം വിതച്ച് കാറ്റ്

Monday 17 October 2022 1:11 AM IST

ചിറ്റൂർ: കിഴക്കൻ മേഖലയിൽ ശനിയാഴ്ച രാത്രിയിൽ ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും എരുത്തേമ്പതി ഭാഗത്ത് വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി. എരുത്തേമ്പതി ചാമിയാർ കളം രാജീവിന്റെ ഉടമസ്ഥതയിലുള്ള 10 മുതൽ 15 വർഷം വരെ പ്രായമുള്ളതും നല്ല കായ്ഫലമുള്ളതുമായ 10 തെങ്ങുകൾ കാറ്റിൽ കടപുഴങ്ങി വീണു.
തൊട്ടടുത്ത രാജേന്ദ്രന്റെ വീടിനു മീതെ തെങ്ങ് പൊട്ടി വീണ് വീടിനോട് ചേർന്ന അടുക്കളയും തകർന്നു. എരുത്തേമ്പതിയിൽ തന്നെ മറ്റൊരു വീട്ടിനു മുകളിൽ മരം പൊട്ടി വീണ് വീട് ഭാഗികമായി തകർന്നു. ചിറ്റൂരിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചു മാറ്റിയത്. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വൈദ്യുതി ലൈനിനുകൾക്കു മുകളിൽ മരങ്ങൾ പൊട്ടിവീണ് നിരവധി വൈദ്യുതി പോസ്റ്റുകളും കമ്പികളും തകർന്നു. ശാനിയാഴ്ച രാത്രി ഏഴുമണി മുതൽ ഇവിടങ്ങളിൽ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. വൈദ്യുതി ലൈനുകൾ തകർന്നതോടെ പ്രദേശത്താകമാനം വൈദ്യുതി നിലച്ചു. ഇന്നലെ വൈകീട്ടു വരേയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.

വൈദ്യുതി ഇല്ലാത്തതിനാൽ നാട്ടുകല്ലിലെ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള കുടിവെള്ള പദ്ധതി ഉൾപ്പെടെ പല പദ്ധതികളും പ്രവർത്തനരഹിതമായി. നാട്ടുകൽ, പണിക്കർ കളം, പണിക്കൻ പൊറ്റ, അത്തിക്കോട് പ്രദേശങ്ങളിൽ ഉള്ളവർക്ക് കുടിവെള്ളം മുടങ്ങി. എരുത്തേമ്പതിയിലും പല ഭാഗത്തും കുടിവെള്ളം മുടങ്ങിയത് പുനഃസ്ഥാപിക്കാനായിട്ടില്ല. എരുത്തേമ്പതി മേഖലയിൽ മാത്രം ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു. ഇന്നലെ ഞായറാഴ്ചയായതിനാൽ ഇന്ന് റവന്യു അധികൃതർ സംഭവ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി ആശ്വാസ നടപടികൾ സ്വീകരിക്കുെമെന്നാണ് കരുതുന്നത്.

Advertisement
Advertisement