ആനവണ്ടിക്ക് കൊമ്പുണ്ട്!

Monday 17 October 2022 12:08 AM IST

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് കരിമ്പട്ടികയിൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ 290 തവണ ഇടം പിടിച്ചപ്പോൾ സർക്കാരിന്റെ സ്വന്തം കെ.എസ്.ആർ.ടി.സി 545 തവണയാണ് കരിമ്പട്ടികയിൽപ്പെട്ടത്. ഒാരോ കുറ്റകൃത്യത്തിനും കരിമ്പട്ടികയിൽ ഉൾപ്പെടുത്താറുണ്ട്. അതായത് ഒരു ബസ് തന്നെ നിരവധി തവണ കരിമ്പട്ടികയിൽ പെടാമെന്ന് സാരം.

അമിതവേഗതയ്ക്ക് നിരീക്ഷണ കാമറകൾ കണ്ടെത്തിയ ബസുകളിലേറെയും കെ.എസ്.ആർ.ടി.സിയുടേതായിരുന്നു. ഇതിന്റെ പിഴയ്ക്കുള്ള നോട്ടീസ് 446 എണ്ണം കെ.എസ്.ആർ.ടി.സിക്ക് മോട്ടോർ വാഹന വകുപ്പ് അയച്ചിട്ടുണ്ട്. എന്നാൽ

പിഴ അടയ്ക്കാൻ ഡ്രൈവർമാരോ മാനേജ്‌മെന്റോ തയാറായിട്ടില്ല.

ഹൈക്കോടതി വിധിയുടെ പേരിലാണ് കരിമ്പട്ടികയിൽ പെട്ട ടൂറിസ്റ്റ് ബസുകൾക്ക് ഫിറ്റ്നസ് പുതുക്കി നൽകിയതെങ്കിൽ കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കുകയായിരുന്നു. പിഴ അടയ്ക്കാൻ മോട്ടോർവാഹനവകുപ്പ് ആവശ്യപ്പെട്ടപ്പോൾ ഇളവ് അനുവദിച്ചുകൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. കെ.എസ്.ആർ.ടി.സി മേധാവിതന്നെ ഗതാഗതവകുപ്പിന്റെ ചുമതല വഹിക്കുന്നതിനാൽ കാര്യങ്ങൾ വേഗത്തിൽ നീങ്ങിയത് തുല്യനീതിയല്ലെന്ന ആരോപണവുമുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ നേരത്തെ കെ.എസ്.ആർ.ടി.സി കൃത്യമായി അടച്ചിരുന്നു. ഈ തുക ഡ്രൈവർമാരിൽ നിന്നാണ് ഈടാക്കിയിരുന്നത്. ഇതിനെതിരെ ഡ്രൈവർമാരുടെ സംഘടന കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെ പിഴ അടയ്ക്കാതെ നീങ്ങാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. കേസ് നടത്തിപ്പിലെ വീഴ്ചയാണ് കെ.എസ്.ആർ.ടി.സിക്ക് പ്രതികൂലമായത്.

നിയമലംഘനങ്ങൾ തുടർന്നാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ആവർത്തിക്കുന്നുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി പ്രതിയായ കേസുകളിൽ ഇത്തരമൊരു കർശന നടപടിക്ക് മോട്ടോർവാഹനവകുപ്പ് തയാറല്ല. വേഗപ്പൂട്ടില്ലാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് വ്യാപകമായി റദ്ദാക്കുന്നുണ്ടെങ്കിലും ഈ പരിശോധന കെ.എസ്.ആർ.ടി.സിയിലേക്ക് കടന്നിട്ടില്ല. ഭൂരിഭാഗം ബസുകളിലും പഴയമോഡൽ മെക്കാനിക്കൽ വേഗപ്പൂട്ടുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമല്ല. സാങ്കേതിക തകരാർ പരിഹരിക്കാതെ നിരവധി ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിൽ ഇറക്കുന്നുണ്ട്. സിഗ്നൽ ലൈറ്റുകൾ കത്താത്തതും, റിഫറുകൾ മങ്ങിയതുമായ ബസുകൾ രാത്രി ഓടുന്നുണ്ട്. പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ഇവ തിരിച്ചറിയാൻ കഴിയില്ല. ചില മോഡൽ ബസുകളുടെ ബ്രേക്ക് സ്ഥിരമായി തകരാറിലാകുന്നുണ്ട്. റിഫറുകളുടെയും ലെൻസിന്റെയും പോരായ്മ കാരണം ഹെഡ്‌ലൈറ്റുകൾക്കു പ്രകാശം കുറവാണെന്നും പരാതിയുണ്ട്.

Advertisement
Advertisement