ലോക്കപ്പ് മർദ്ദനം തടയാൻ കാമറ നിരീക്ഷണം വൈകുന്നു

Monday 17 October 2022 12:22 AM IST

തിരുവനന്തപുരം: സുപ്രീംകോടതി രണ്ടുവർഷം മുൻപ് അന്ത്യശാസനം നൽകിയിട്ടും, ലോക്കപ്പ് മർദ്ദനം അവസാനിപ്പിക്കാൻ സ്റ്റേഷനുകളിലെ കാമറ നിരീക്ഷണ സംവിധാനം ഒരുങ്ങിയില്ല. 2020 ഡിസംബറിൽ ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കാമറ ദൃശ്യങ്ങളും ശബ്ദവും കസ്റ്റഡി മർദ്ദനക്കേസുകളിൽ പൊലീസിനെതിരായ പ്രധാന തെളിവാകുന്നത് ഒഴിവാക്കാനാണ് കാമറാനിരീക്ഷണം വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കോതമംഗലം സ്റ്റേഷനിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതിന്റെ മൊബൈൽ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

46 കോടി ചെലവിൽ 520 സ്റ്റേഷനുകളിലും നാലുമാസത്തിനകം കാമറാനിരീക്ഷണം സജ്ജമാക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന് (ടി.സി.ഐ.എൽ) കരാർ നൽകിയതാണ്. പകുതിയിലേറെയിടത്തും കാമറ സ്ഥാപിച്ചെന്നും ചെലവിന്റെ 40ശതമാനം കേന്ദ്രം നൽകേണ്ടത് വൈകിയതാണ് പദ്ധതി ഇഴയാൻ കാരണമെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു. എന്നാൽ പ്ലാൻഫണ്ടിൽ നിന്ന് 41.6കോടി നൽകാൻ ആഭ്യന്തരവകുപ്പ് നേരത്തേ ഉത്തരവിട്ടിരുന്നതാണ്.

ആധുനിക കാമറകൾ

ഓരോ സ്റ്റേഷനിലും രാത്രി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശേഷിയുള്ള 13 കാമറ.

ശബ്ദം റെക്കാഡ് ചെയ്യാൻ മികച്ച മെക്രോഫോൺ.

 ദൃശ്യങ്ങൾ എൻക്രിപ്റ്റഡായിരിക്കും. കൃത്രിമം കാട്ടാനാവില്ല.

 ദൃശ്യങ്ങൾ തുറക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ പാസ്‌വേഡ്

കാമറ കേടായാൽ ആറുമണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തണം.

ദൃശ്യങ്ങളും ശബ്ദവും 18മാസം സൂക്ഷിക്കണം.

കാമറകൾ ഓഫ് ചെയ്യുന്നില്ലെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണം.

ചിത്രീകരണം തടസപ്പെടാതിരിക്കാൻ ഇൻവെർട്ടർ.

എല്ലാം കാണും

സ്റ്റേഷനുകളുടെ പ്രവേശനകവാടം, പുറത്തേക്കുള്ള വഴികൾ, റിസപ്ഷൻ, ലോക്കപ്പുകൾ, ഇടനാഴികൾ, ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടർമാരുടെയും മുറികൾ, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷൻ ഹാൾ, സ്റ്റേഷന്റെ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം.

സുപ്രീംകോടതി ഉത്തരവ്

സ്റ്റേഷനുകളിൽ കാമറകളില്ലാത്ത അപ്രധാനമായ സ്ഥലങ്ങൾ കസ്റ്റഡി പീഡന കേന്ദ്രങ്ങളാകുന്നത് തടയണം. നിരീക്ഷണം സ്വകാര്യത ലംഘിക്കരുത്. മനുഷ്യാവകാശം ലംഘിച്ചെങ്കിൽ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ ഇരയ്‌ക്ക് ആവശ്യപ്പെടാം.

''ഫണ്ട് കുറവാണ് പ്രശ്നം. കേന്ദ്രവിഹിതം ഗഡുക്കളായാണ് നൽകുന്നത്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കും''

-പൊലീസ് ആസ്ഥാനം

Advertisement
Advertisement