കാർഷിക ഉച്ചകോടിയിൽ 5 മലയാളി സ്റ്റാർട്ടപ്പുകൾ

Monday 17 October 2022 5:30 AM IST

കൊച്ചി: ഡൽഹിയിൽ ഈമാസം 17 നാരംഭിക്കുന്ന അഗ്രി സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ് )യിൽ ഇൻക്യുബേറ്റ് ചെയ്ത അഞ്ച് സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രണ്ടു ദിവസം നീളുന്ന ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നത്.
ബോധിന നാച്വറൽസ്, സാറാ ബയോടെക്, ഫൂ ഫുഡ്‌സ്, സറിൻ ഗൗർമെറ്റ്, സികോർപ്പ് ഓർഗാനിക്‌സ് എന്നീ സ്റ്റാർട്ടപ്പുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കടൽപ്പായലിൽ നിന്ന് ഔഷധങ്ങൾ നിർമ്മിക്കുന്നതാണ് ബോബി കിഴക്കേക്കര സ്ഥാപിച്ച ബോധിന നാച്വറൽസ്. കടൽപ്പായലിൽ നിന്ന് ഉപഭോക്തൃ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സാറാ ബയോടെക് നജീബ് ബിൻ ഹനീഫ് സ്ഥാപിച്ചതാണ്. കല്ലുമ്മക്കായയിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ നിർമ്മിക്കുന്ന ഫൂ ഫുഡ്‌സ് മുഹമ്മദ് ഫവാസ് സ്ഥാപിച്ചതാണ്. വിദ്യാർത്ഥികളായ സൗരവ്, റിഫാറ്റ്, ഫായിസ് എന്നിവർ ആരംഭിച്ച സറിൻ ഗൂർമെറ്റ് സപ്‌ളെെ ചെയിൻ കമ്പനിയാണ്. കടൽപ്പായൽ അധിഷ്ഠിതമായ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന സി കോർപ്പ് ഓർഗാനിക് സുന്ദർരാജാണ് ആരംഭിച്ചത്.
സിഫ്റ്റിൽ പ്രവർത്തിക്കുന്ന അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ 150 ലേറെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡയറക്ടർ ഡോ. ലീല എഡ്വിൻ പറഞ്ഞു.

Advertisement
Advertisement