​​​​​​​റേഷൻ കാർഡും  കേന്ദ്രം നിയന്ത്രിക്കും,​ സംസ്ഥാനങ്ങൾക്ക് എതിർക്കാനാവില്ല,​ രാജ്യത്താകെ ഒറ്റ കാർഡ്

Monday 17 October 2022 12:37 AM IST

തിരുവനന്തപുരം: റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ഏതാണ്ട് പൂർത്തിയായതോടെ രാജ്യത്താകെ ഏകീകൃതറേഷൻ കാർഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ജനങ്ങൾക്ക് റേഷൻ ലഭ്യമാക്കുന്നത് കേന്ദ്രമായതിനാൽ കാർഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് എതിർക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ല.

നിലവിൽ ഓരോ സംസ്ഥാനവും വ്യത്യസ്ത മാനദണ്ഡങ്ങൾ അനുസരിച്ചാണ് പലതരത്തിലുള്ള കാർഡുകൾ നൽകുന്നത്. ഇവയ്ക്ക് ഏകീകൃത സ്വഭാവം കൈവന്നേക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചശേഷമാകും തീരുമാനം. അതേസമയം, ആനുകൂല്യങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ടാകും.

അധാർ ബന്ധിപ്പിക്കൽ പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 90 ശതമാനത്തിലേറെ പൂർത്തിയായി. ബംഗ്ളാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റമാണ് അവിടെ പ്രതിബന്ധമായത്. ഇത്തരത്തിൽ നുഴഞ്ഞുകയറ്റക്കാർ ഇന്ത്യക്കാരായി മാറുന്നത് തടയുക എന്ന ഉദ്ദേശ്യവും കേന്ദ്രത്തിനുണ്ട്.

കേരളത്തിൽ എല്ലാ റേഷൻകാർഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രഖ്യാപനം സംസ്ഥാന സർക്കാർ ഉടൻ നടത്തും. കൊവിഡ് കാലത്തും ഓണക്കാലത്തും സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കി റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്തിരുന്നു. ഇത്തരത്തിലുള്ള വിതരണ സമ്പ്രദായത്തിൽ കേന്ദ്രം ഇടപെടില്ല.

അന്യസംസ്ഥാനത്ത്

കഴിയുന്നവർക്ക് നേട്ടം

മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ റേഷൻ വിഹിതം ആ നാട്ടിലെ റേഷൻ കടകളിൽ നിന്നു വാങ്ങാൻ കഴിയും. ആധാർ ലിങ്ക് ചെയ്യുന്നതോടെ അതിലെ എല്ലാ വിവരവും റേഷൻ കാ‌‌‌ർഡിലും ലഭ്യമാകും.

വെല്ലുവിളികൾ

1.ഓരോ സംസ്ഥാനത്തും റേഷൻ കാർഡുകൾ വ്യത്യസ്തമാണ്. ഏറ്റവും ദരിദ്ര വിഭാഗം അന്ത്യോദയ അന്നയോജന (എ.എ.വൈ), ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുൻഗണനാ വിഭാഗം (പി.എച്ച്.എച്ച്), ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള പൊതുവിഭാഗം (എൻ.പി.എൻ.എസ്), എന്നിങ്ങനെയാണ് കേന്ദ്രം കാർഡുകൾ തരംതിരിച്ചിരിക്കുന്നത്. കേരളത്തിൽ ഇത് യഥാക്രമം, മഞ്ഞ, പിങ്ക്, വെള്ള കാർ‌ഡുകളാണ്. ഇതിനു പുറമെ സംസ്ഥാന സർക്കാർ നീല കാർഡ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തിന് സബ്സിഡിയോടു കൂടിയാണ് റേഷൻ ലഭിക്കുന്നത്. ഇങ്ങനെ സംസ്ഥാന സർക്കാരിന്റെ മാത്രം പട്ടികയിലുള്ളവർക്ക് റേഷൻ വിതരണം ഏതു ക്രമപ്രകാരം എന്നു വ്യക്തമല്ല.

2. നഗര, ഗ്രാമ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് റേഷൻ വിഹിതം നിശ്ചയിക്കുന്നത്. ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ഇത് പുനർനിർണയിക്കേണ്ടിവരും.

3.മുൻഗണനാ വിഭാഗത്തിൽ പെടാത്തവർക്ക് റേഷൻ ധാന്യം കൃത്യമായി എല്ലാ സംസ്ഥാനങ്ങളും നൽകുന്നില്ല. ജനസംഖ്യയുടെ 75% വരെ മുൻഗണനാ കാർഡുള്ള സംസ്ഥാനങ്ങളുണ്ട്. കേരളത്തിൽ ഇത് 43% ആണ്. മാനദണ്ഡം മാറ്റേണ്ടിവരും.

Advertisement
Advertisement