മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രം

Monday 17 October 2022 12:09 AM IST

കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. കള്ളക്കടത്ത് നടത്തിയിരുന്നവർ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഭരണനിർവഹണത്തിൽ സ്വാധീനം ചെലുത്തിയിരുന്നതായി സ്ഥിരീകരിച്ചിരിക്കുന്നു.

സംസ്ഥാനത്ത് ദളിതർക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെ അതിക്രമം വർദ്ധിച്ചു. കഴിഞ്ഞ ആറ് വർഷമായി ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. താത്കാലിക നിയമനങ്ങൾക്കുള്ള ചുമതലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ മാറ്റിനിറുത്തി സി.പി.എം ഓഫീസുകൾ നിയമനങ്ങൾ നടത്തുകയാണ്. മുന്നണി ഭരണത്തിന്റെ കൂട്ടുത്തരവാദിത്വത്തിൽ നിന്ന് ബാഹ്യശക്തികൾ സർക്കാരിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.തുടർ ഭരണത്തിന്റെ കയ്പുനീർ കേരളജനത അനുഭവിക്കുന്നു. ഘടകകക്ഷികൾക്ക് പോലും യോജിക്കാനാകാത്ത വിധം സേച്ഛാധിപത്യത്തിന്റെ അപ്പോസ്തലനായി മുഖ്യമന്ത്രി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഘപരിവാറിന്റെ യു.എസ് ഘടകം

ചെലവിട്ടത് 1227 കോടി

സംഘപരിവാറിന്റെ അമേരിക്കയിലുള്ള ഘടകം ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിനായി ഏഴ് സംഘപരിവാർ ധർമ്മ സ്ഥാപനങ്ങൾ വഴി 1227 കോടി ചെലവിട്ടതായും റിപ്പോർട്ടിൽ പറയുന്നു. ട്രംപിന് വേണ്ടി മോദി സംഘടിപ്പിച്ച പ്രചാരണത്തിനും പണം ചെലവഴിച്ചിട്ടുണ്ട്. 2001 മുതൽ 19 വരെ വൻതുക ഇന്ത്യയിലും ചെലവിട്ടു. ഇന്ത്യയിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.