വർഗീയതയുടെ ഗുണഭോക്താവ് പിണറായി: ഷിബു ബേബിജോൺ

Monday 17 October 2022 12:13 AM IST

കൊല്ലം: മോദിയും കൂട്ടരും ഇളക്കിവിടുന്ന വർഗീയതയുടെ ഗുണഭോക്താവ് പിണറായി വിജയനാണെന്ന് മുൻ മന്ത്രിയും ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ഷിബു ബേബിജോൺ പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയിൽ ആശങ്കപ്പെടുന്ന ന്യൂനപക്ഷങ്ങളോട് ഇടതുപക്ഷം, തങ്ങൾ രക്ഷകരാണെന്ന് പറയുന്നു. ന്യൂനപക്ഷങ്ങളുടെ ഭീതിയും ആശങ്കയുമാണ് പിണറായിയെ അധികാരത്തിലെത്തിച്ചത്. നേരത്തെ ഇടത് മന്ത്രിസഭകളുടെ കാലത്ത് അഴിമതി ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ കൈക്കൂലി നൽകിയാലെ സർക്കാർ ഓഫീസുകളിൽ കാര്യം നടക്കൂവെന്ന അവസ്ഥയാണ്. പാർട്ടിക്ക് വേണ്ടി പണം പിരിക്കാൻ സി.പി.എം സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. എൽ.ഡി.എഫിന്റെ പേരിൽ മാത്രമാണ് ഇടതുപക്ഷമുള്ളത്. കമ്മ്യൂണിസവുമായി പുലബന്ധം പോലുമില്ലാത്ത നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെയെല്ലാം പിന്നോട്ടടിക്കുകയാണ്, അതിന്റെ ഉദാഹരണമാണ് നരബലിയെന്നും ഷിബു പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം ബാബു ദിവാകരൻ അദ്ധ്യക്ഷനായി. കെ.എസ്.സനൽകുമാർ രക്തസാക്ഷി പ്രമേയവും ഇടവനശേരി സുരേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നേതാക്കളായ ജെ.മധു, കെ.എസ്.ശിവകുമാർ, ഇല്ലിക്കൽ അഗസ്തി എന്നിവർ അഭിവാദ്യം ചെയ്തു.ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. ഇന്ന് രാവിലെ രാഷ്ട്രീയ റിപ്പോർട്ടും ചർച്ചയും. ഉച്ചയ്ക്ക് ശേഷം പുതിയ കമ്മിറ്റി, സെക്രട്ടറി തിര‌ഞ്ഞെടുപ്പ്.

കോൺഗ്രസ് പ്രധാനമന്ത്രി

മോഹം ഉപേക്ഷിക്കണം

കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യനിര രൂപപ്പെടുത്തിയാലേ ബി.ജെ.പിയെ താഴെയിറക്കാൻ കഴിയൂ എന്ന് ഷിബൂ ബേബിജോൺ

പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയ്ക്കായി കോൺഗ്രസ് പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. കോൺഗ്രസും പ്രധാനമന്ത്രി മോഹം ഉപേക്ഷിക്കണം.

Advertisement
Advertisement