യു.ഡി.എഫിൽ നിന്ന് അർഹതപ്പെട്ടത് പിടിച്ചുവാങ്ങുന്നില്ലെന്ന് വിമർശനം

Monday 17 October 2022 1:48 AM IST

കൊല്ലം: യു.ഡി.എഫിൽ നിന്ന് അർഹതപ്പെട്ടത് പിടിച്ചുവാങ്ങുന്നതിൽ നേതൃത്വം പരാജയമാണെന്ന് ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം.

എൽ.ഡി.എഫിൽ നിൽക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട പങ്കാളിത്തം ഉണ്ടായിരുന്നു. സഹകരണ ബാങ്കുകളുടെ ഡയറക്ടർ ബോർഡുകളിലും പ്രാതിനിദ്ധ്യം ലഭിക്കുമായിരുന്നു. എന്നാൽ യു.ഡി.എഫിന്റെ പക്കലുള്ള സഹകരണ ബാങ്കുകൾ പലതും നേതാക്കൾ സ്വകാര്യ സംവിധാനമാക്കിയിരിക്കുകയാണ്. മുന്നണിയെന്ന നിലയിൽ ഇവിടങ്ങളിൽ ഒരവസരവും ആർ.എസ്.പിക്ക് ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ആശങ്കയുണ്ട്.

ചവറയൊഴികെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി മത്സരിച്ചത്. യു.ഡി.എഫിന് സ്വാധീനമുള്ള ഒരു മണ്ഡലം പോലും പുതുതായി കിട്ടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടിയിരുന്ന ചവറയിലെയും കുന്നത്തൂരിലെയും പരാജയത്തിന്റെ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിച്ചില്ലെന്നും വിമർശനം ഉയർന്നു.

സി.പി.എമ്മിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിലുള്ളത്. സി.പി.എമ്മിന്റെ അതിഹീനമായ വ്യക്തിഹത്യയെ അതിജീവിച്ചാണ് കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചത്. കേരളത്തിൽ വലിയ സ്വാധീനമുള്ള പാർട്ടിയല്ല സി.പി.ഐ. സി.പി.എമ്മിനോട് ചാരി നിൽക്കുന്നതിന്റെ കരുത്ത് മാത്രമുള്ളത്. അവർ അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി സി.പി.എമ്മിന് മുന്നിൽ വാലും ചുരുട്ടി നിൽക്കുകയാണെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement