വിഴിഞ്ഞം സമരം; റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ, ഗതാഗതം സ്തംഭിച്ചു

Monday 17 October 2022 9:41 AM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് റോഡ് ഉപരോധിച്ച് ലത്തീൻ അതിരൂപത. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷൻകടവ്, ഉച്ചക്കട, പൂവാർ എന്നീ ആറ് കേന്ദ്രങ്ങളിലാണ് വള്ളങ്ങളടക്കം ഉപയോഗിച്ച് ഉപരോധിക്കുന്നത്. ഇതിന്റെ ഭാഗമായി ചാക്ക ഭാഗത്തെ ഗതാഗതം സ്തംഭിച്ചു. പതിനൊന്ന് മണിക്ക് ഇവർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ആവശ്യങ്ങൾ അംഗീകരിക്കും വരെ ശക്തമായ സമരം തുടരുമെന്ന് സമരസമിതി നേരത്തേ അറിയിച്ചിരുന്നു.

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലും ജില്ലാ കളക്ടർ സമരത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു. ഇവിടെ മുദ്രാവാക്യം വിളിക്കുന്നതിനും മറ്റ് പ്രകടനങ്ങൾക്കും നിരോധനമുണ്ട്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ വാഹനങ്ങൾ തടഞ്ഞ് ഉപരോധിക്കുമെന്നാണ് സമരസമിതി അറിയിച്ചത്. തുറമുഖത്തിന് മുന്നിലെ സമരപന്തൽ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവടക്കമുള്ള പ്രതിസന്ധികൾ മുന്നിലുണ്ടങ്കിലും, സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. ബുധനാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

Advertisement
Advertisement