പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി, എൻ ഐ എ ഉദ്യോഗസ്ഥരുടെ ചിത്രം പകർത്തി ബന്ധുക്കൾ , കർശന താക്കീത് നൽകി കോടതി

Monday 17 October 2022 8:26 PM IST

കൊച്ചി: രാജ്യവിരുദ്ധ പ്രവ‌ർത്തനത്തിന് പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ കൊണ്ട് പോകുന്നതിനായി എത്തിയ എൻഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകർത്തിയ പി എഫ് ഐ പ്രവർത്തകരെ കോടതി താക്കീത് ചെയ്തു. പി എഫ് ഐ നേതാക്കളുടെ ബന്ധുക്കളാണ് എൻഐഎ കോടതി വളപ്പിൽ വെച്ച് ഉദ്യോഗസ്ഥരുടെ ദൃശ്യം പകർത്തിയത്. ഇവർ ദൃശ്യം പകർത്തിയ വിവരം എൻഐഎ ഉദ്യോഗസ്ഥർ കോടതിയെ ധരിപ്പിച്ചു. വിഷയം പരിശോധിച്ച ശേഷം ദുരൂഹ സാഹചര്യത്തിൽ ചിത്രങ്ങളെടുത്തത് ഗൗരവകരമായ കൃത്യമാണെന്ന് കോടതി വിലയിരുത്തി. കോടതി വളപ്പിൽ ഇത്തരം കാര്യം ആവർത്തിക്കരുതെന്ന് പ്രതികളുടെ ബന്ധുക്കൾക്ക് കോടതി കർശനമായ താക്കീതും നൽകി.

രാജ്യത്താകമാനം പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കേരളത്തിൽ നിന്ന് അറസ്റ്റിലായ അഞ്ച് പി എഫ് ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ തെളിവുകൾ ചൂണ്ടിക്കാട്ടി പ്രതികളെ കൂടുതൽ ദിവസം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു. വിവിധ കേസുകളിൽ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി, യഹിയ യോയ തങ്ങൾ അബ്ദുൾ സത്താർ, കെ മുഹമ്മദ് അലി. സി ടി സുലൈമാൻ എന്നിവരെ കോടതി ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. സെപ്തംബർ 22-നായിരുന്നു രാജ്യ വ്യാപകമായി നടന്ന റെയ്ഡുകളിൽ നിന്ന് പി എഫ് ഐ നേതാക്കളെ എൻഐഎ കൂട്ടമായി അറസ്റ്റ് ചെയ്തത്. റെയ്ഡിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പി എഫ് ഐയെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.