പാലത്തിൽ പണവും സെറ്റ് സാരിയും, പ്രമാടം പേടിച്ചു, പൂജാരി പുഞ്ചിരിച്ചു

Tuesday 18 October 2022 12:42 AM IST

പ്രമാടം : പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പരുവേലി തോട് പാലത്തിൽ ഒരു കുട്ടിച്ചാക്ക് നിറയെ പണവും സെറ്റ് സാരിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത് നാടിനെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെയാണ് ആശങ്കയുടെയും ആകാംഷയുടെയും മുൾമുനയിൽ നിറുത്തിയ നാടകീയ സംഭവങ്ങളുടെ തുടക്കം. രാവിലെ എട്ടോടെ തൊഴിലുറപ്പ് പണിക്ക് പോയ മൂന്ന് സ്ത്രീകളാണ് പാലത്തിന്റെ കൈവരിക്ക് സമീപം വീതിയുള്ള കസവുകരയും ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തതുമായ സെറ്റുസാരി കണ്ടത്. സമീപത്തായി ഒരു ചാക്കുകെട്ടും ഉണ്ടായിരുന്നു. ഇത് തുറന്ന് പരിശോധിച്ചപ്പോൾ പത്ത്, ഇരുപത്, അൻപത്, നൂറ് രൂപകളുടെ നിരവധി നോട്ടുകളും കണ്ടു. ഇലന്തൂർ നരബലിയും ദുർമന്ത്രവാദങ്ങളും കത്തിനിൽക്കുന്ന സമയമായതിനാൽ ഭയന്നുപോയ സ്ത്രീകൾ വാർഡ് മെമ്പർ ലിജാ ശിവപ്രകാശിനെ വിവരം അറിയിച്ചു. മെമ്പർ എത്തി സംഭവം സ്ഥിരീകരിച്ച ശേഷം പത്തനംതിട്ട പൊലീസിൽ ബന്ധപ്പെട്ടു. സി.ഐ ഉൾപ്പടെയുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവ അറിഞ്ഞ് നിരവധി പേരുമെത്തി. ആളുകൂടിയതോടെ ഉൗഹാപോഹങ്ങളും പ്രചരിച്ചു. "ഭിക്ഷാടകരെ കൊലപ്പെടുത്തിയ ശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്നും ക്ഷേത്ര കവർച്ചയാകാമെന്നും ദുർമന്ത്രവാദത്തിന്റെ ദക്ഷിണയും അതിന് ഉപയോഗിച്ച സാരിയുമാകാമെന്നും " പലരും കഥകൾ മെനഞ്ഞു. ആളുകൂടിയതോടെ കൂടുതൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി. ആശങ്കകൾക്ക് വിരാമമായത് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ്. സമീപത്തെ താമസക്കാരനായ കോന്നി മഠത്തിൽക്കാവ് ക്ഷേത്രത്തിലെ പൂജാരി സുജിത്തിന്റെ കാറിൽ നിന്ന് നഷ്ടപ്പെട്ട ദക്ഷിണാ പണം അടങ്ങിയ ചാക്കും സെറ്റുമുണ്ടും ആണെന്ന് അറിഞ്ഞതോടെ ജനക്കൂട്ടം പിരിഞ്ഞു. പണം നഷ്ടമായ സുജിത് രാവിലെ കോന്നി പൊലീസിൽ പരാതി നൽകിയിരുന്നു.

കാറിൽ സൂക്ഷിച്ചിരുന്ന മാലിന്യ ചാക്കാണെന്ന് കരുതി പണം അടങ്ങിയ ചാക്ക് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തിൽ പൊലീസിന് ബോദ്ധ്യപ്പെട്ടു. ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാണ്.

Advertisement
Advertisement