എ.എ. അസീസ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി

Tuesday 18 October 2022 12:18 AM IST

കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസിനെ നാലാം തവണയും തിര‌ഞ്ഞെടുത്തു.ഇന്നലെ ഉച്ചയ്ക്ക് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഷിബു ബേബിജോണിന്റെ പേര് ഉയർന്നെങ്കിലും ഭൂരിപക്ഷം ആസീസിനായിരുന്നു.ഒരാൾ തുർച്ചയായി നാലാം തവണയും സെക്രട്ടറിയാകുന്നത് ശരിയല്ലെന്ന വിമർശനം ഉയർന്നെങ്കിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ അനുഭവ സമ്പത്തുള്ള എ.എ.അസീസിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

പിന്നീട് സമ്മേളനം അംഗീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഷിബു ബേബിജോണാണ് സെക്രട്ടറി സ്ഥാനത്തേക്ക് എ.എ.അസീസിന്റെ പേര് നിർദേശിച്ചത്.ഒരു ഒഴിവ് സഹിതം 79 അംഗ സംസ്ഥാന കമ്മിറ്റിയെയും പത്ത് ക്ഷണിതാക്കളെയും സമ്മേളനം തിരഞ്ഞെടുത്തു.ദേശീയ സമ്മേളനത്തിന് ശേഷം ഷിബു ബേബിജോണിന് സ്ഥാനം കൈമാറാമെന്ന ധാരണയിലാണ് അസീസ് സെക്രട്ടറിയായതെന്നും പ്രചാരണമുണ്ടെങ്കിലും നേതാക്കൾ ഇക്കാര്യം നിഷേധിച്ചു.ദേശീയ സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കും.

വി.പി.രാമകൃഷ്ണപിള്ളയുടെ പിൻഗാമി

2012ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വി.പി.രാമകൃഷ്ണപിള്ളയുടെ പിൻഗാമിയായാണ് എ.എ.ആസീസ് ആദ്യം ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായത്.1960ലാണ് എ.എ.ആസീസ് ആർ.എസ്.പി അംഗമായത്.നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.2001,2006,2011 വർഷങ്ങളിൽ ഇരവിപുരത്ത് നിന്ന് നിയമസഭയിലെത്തി.ആർ.എസ്.പി ഇടതുമുന്നണി വിട്ട ശേഷം 2016ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.യു.ടി.യു.സി ദേശീയ പ്രസിഡന്റ്,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ,കാഷ്യു വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ,കാഷ്യു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.ഭാര്യ ഉസൈബ.വിശ്രു,ബിനു,ബിജു എന്നിവർ മക്കൾ.

Advertisement
Advertisement