'ഉറപ്പുകൾ" പരിഗണന മാത്രമായി ദയാബായി നിരാഹാരം തുടരും

Tuesday 18 October 2022 1:01 AM IST

 വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു, ഇന്ന് സമരപ്പന്തലിൽ എത്തിയേക്കും

തിരുവനന്തപുരം : എൻഡ‌ോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ദയാബായി നടത്തുന്ന നിരാഹാരം അവസാനിപ്പിക്കാൻ മന്ത്രിമാർ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകിയപ്പോൾ 'പരിഗണിക്കാ"മെന്നാക്കി യതോടെ സമരം തുടരുമെന്ന് ദയാബായി സമരസമിതി പ്രവർത്തകരെ അറിയിച്ചു. ദുരിതബാധിതർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിലൊഴികെ മറ്റൊന്നിലും ഉറപ്പില്ലാത്തതാണ് കാരണം. ദയാബായി ജനറൽ ആശുപത്രിക്കിടക്കയിലും നിരാഹാരം തുടരുകയാണ്. സമരത്തിന്റെ 17-ാം ദിവസമായ ഇന്ന് സമരപന്തലിൽ എത്താനുള്ള ശ്രമത്തിലാണ് അവർ. സ്വന്തം ഉത്തരവാദിത്വത്തിൽ തന്നെ വിട്ടയയ്ക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് മന്ത്രിമാരായ വീണാജോർജും ആർ. ബിന്ദുവും സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കരീം ചൗക്കി, ഫറീന കോട്ടപ്പുറം എന്നിവരുമായി ചർച്ചയ്ക്കെത്തിയത്. കാസർകോട്ട് എയിംസ് സ്ഥാപിക്കുന്നത് ഉൾപ്പെടെ നാല് ആവശ്യങ്ങളായിരുന്നു മുന്നോട്ട് വച്ചിരുന്നത്. കോഴിക്കോട് എയിംസിനായി സ്ഥലം കണ്ടെത്തിയതിനാൽ അത് സാദ്ധ്യമല്ലെന്നും മറ്റെല്ലാം അംഗീകരിക്കുന്നതായും ഉടൻ നടപ്പാക്കുമെന്നും മന്ത്രിമാർ ഉറപ്പ് നൽകിയിരുന്നു. പിന്നാലെ ഞായറാഴ്ച ഉച്ചയ്ക്ക് മന്ത്രിമാർ ആശുപത്രിയിലെത്തി ദയാബായിയോട് സംസാരിച്ചെങ്കിലും വാക്കാൽ പോരെന്നും രേഖാമൂലം നൽകണമെന്നും ആവശ്യപ്പെട്ടു. രാത്രിയോടെ യോഗത്തിന്റെ മിനിട്ട്സിന്റെ കരട് സെക്രട്ടേറിയറ്റിൽ നിന്ന് സമരസമിതി പ്രവർത്തകർക്ക് നൽകിയെങ്കിലും ശാരീരിക അവശതകളെ തുടർന്ന് ദയാബായിക്ക് വായിച്ചു നോക്കാനായില്ല. എന്നാൽ, ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ഉറപ്പായി തന്നെ വേണമെന്നും പരിഗണിക്കാമെന്ന പ്രയോഗം ഒഴിവാക്കണമെന്നും സമരസമിതി വീണാജോർജിന്റെ ഓഫീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് മിനിട്ട്സ് പുറത്തുവന്നപ്പോൾ വ്യത്യാസമുണ്ടായില്ല. ഇതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്.

ഉറപ്പുകൾ മിനിട്ട്സിൽ വന്നപ്പോൾ

 എൻഡോസൾഫാൻ ബാധിതർക്ക് ചികിത്സയ്ക്ക് നിലവിലെ മുൻഗണന തുടർന്നും നൽകും.

 ടാറ്റയുടെ ആശുപത്രിയും കാഞ്ഞങ്ങാട്ടെ ആശുപത്രിയും സജ്ജമാകുന്ന മുറയ്ക്ക് മറ്റ് ആശുപത്രികളിലെ മുൻഗണന ഇവിടെയും നൽകും.

 ന്യൂറോളജിസ്റ്റുകളെ നിയോഗിക്കുന്നത് ഒരു വർഷത്തിനകം ആശുപത്രിയിൽ സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക്

 ദിനപരിചരണത്തിന് പ്രത്യേക സംവിധാനം ഒരുക്കുന്ന കാര്യം പരിഗണിക്കും.

 എൻഡോസൾഫാൻ ബാധിതർ അപേക്ഷിച്ചാൽ രണ്ട് മാസത്തിനകം പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.

Advertisement
Advertisement