സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആയുർവേദ സുഖ ചികിത്സാകേന്ദ്രമാക്കാൻ സർക്കാർ, ശുപാർശ നൽകിയത് ഔഷധി

Tuesday 18 October 2022 4:14 PM IST

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആയൂർവേദ സുഖ ചികിത്സാകേന്ദ്രമാക്കാൻ നീക്കവുമായി സർക്കാർ. ഔഷധിയാണ് ഇതിന് താൽപര്യവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ചെയർപേഴ്സൺ ശോഭനാ ജോർജ് ഉൾപ്പൈടയുള്ള സംഘം ആശ്രമം സന്ദർശിക്കുകയും ചികിത്സാ കേന്ദ്രം തുടങ്ങാൻ അനുകൂലമായ സ്ഥലമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.

ആയുർവേദ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയ്‌ക്ക് തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിൽ വെൽനസ് സെന്റർ എന്ന പേരിൽ ചികിത്സാ കേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്. തിരുവനന്തപുരത്തെ കേന്ദ്രം സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തുടങ്ങാമെന്നാണ് ഔഷധി എം.ഡിയുടെ ശുപാർശ. തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആശ്രമത്തിലാണ് പുതിയ പദ്ധതി. സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രം അന്തിമതീരുമാനമെന്ന് ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് അറിയിച്ചു. 73 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ആശ്രമത്തിലുള്ളത്. വില കൊടുത്ത് വാങ്ങുന്നതും ദീർഘകാലത്തേക്ക് വാടകയ്‌ക്കെടുക്കുന്നതുമാണ് പരിഗണനയിൽ.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിക്കുന്നത്. ഇതുവരെ പ്രതിയെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ശബരിമല വിവാദസമയത്ത് സർക്കാരിനെയും എൽഡിഫിനെയും പിന്തുണച്ചവരുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു സന്ദീപാനന്ദ ഗിരി. മുഖ്യമന്ത്രിയുമായും അദ്ദഹത്തിന് അടുത്ത സൗഹൃദമാണുള്ളത്.