വിരമിക്കുന്ന ജയിൽ മേധാവിയുടെ വിദേശ യാത്ര കേന്ദ്രം തടഞ്ഞു

Wednesday 19 October 2022 4:57 AM IST

പഠനയാത്ര അടുത്ത വർഷത്തേക്ക് നീട്ടി

തിരുവനന്തപുരം: വരുന്ന 31ന് വിരമിക്കാനിരിക്കെ, അമേരിക്കയിലെയും കാനഡയിലെയും ജയിൽ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാൻ ജയിൽ മേധാവി സുധേഷ് കുമാറിന്

യാത്രാനുമതി നൽകിയ സർക്കാർ ഉത്തരവ് കേന്ദ്ര സർക്കാർ ഉടക്കിട്ടതിനെ തുടർന്ന്

റദ്ദാക്കി.സർക്കാർ ചെലവിലായിരുന്നു യാത്ര.

വെല്ലൂരിലെ അക്കാഡമി ഒഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ ബോർഡ് ഒഫ് മാനേജ്മെന്റിന്റെ വിദേശ പഠന യാത്രയ്ക്കായി കഴിഞ്ഞ മാസം മൂന്നു മുതൽ 14 വരെ അമേരിക്ക, കാന‌ഡ എന്നിവിടങ്ങളിലെ ജയിലുകൾ സന്ദർശിക്കാനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ അക്കാഡമിയുടെ ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാനോട്, യാത്ര അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ, പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കി. രണ്ട് വർഷമെങ്കിലും സർവീസ് ബാക്കിയുള്ളവരെയേ പരിശീലനത്തിനും പഠനങ്ങൾക്കും അയക്കാവൂ എന്നാണ് കേന്ദ്ര മാർഗനിർദ്ദേശം.

തലസ്ഥാനത്തെ ജുവലറിയിൽ നിന്ന് 95 ശതമാനം ഡിസ്കൗണ്ടിൽ ഏഴു പവൻ നെക്‌ലേസ് കൈക്കലാക്കിയതിന് സുധേഷിനെതിരേ നൽകിയ പരാതി സർക്കാരിന് മുന്നിലുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ജുവലറി ഉടമകൾ ഹാജരാക്കിയിട്ടും, സുധേഷിനെതിരേ നടപടിയെടുത്തില്ല. സുധേഷിനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.