എ.ഡി.ജി.പി അജിത്കുമാറിന് ക്രമസമാധാന ചുമതല
തിരുവനന്തപുരം: സംസ്ഥാനത്താകെ ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പിയായി എം.ആർ. അജിത്കുമാറിനെ നിയമിച്ചു. വിജയ് സാക്കറെ എൻ.ഐ.എയിലേക്ക് (ദേശീയ അന്വേഷണ ഏജൻസി) ഡെപ്യൂട്ടഷനിൽ പോവുന്ന ഒഴിവിലാണിത്. നിലവിൽ വഹിക്കുന്ന
ബറ്റാലിയന്റെ ചുമതലയിൽ തുടരും. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഇടനിലക്കാർ വഴി ശ്രമിച്ചതിന്റെ പേരിൽ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി പൗരാവകാശ സംരക്ഷണ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചിരുന്നു. ഇടനിലക്കാരനായി സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടെന്ന് ഇന്റലിജൻസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീടാണ് ബറ്റാലിയൻ എ.ഡി.ജി.പിയാക്കിയത്. സ്വപ്നയുടെ കൂട്ടാളി സരിത്തിനെ വിജിലൻസ് ആരോരുമറിയാതെ റാഞ്ചി കസ്റ്റഡിയിലാക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തതും വിവാദമായിരുന്നു.