റോഡിലെ പൈപ്പിടൽ ഡിസംബറിൽ പൂർത്തിയാക്കണമെന്ന് മന്ത്രി

Friday 21 October 2022 12:49 AM IST
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ റോഡ് പ്രവർത്തികളുടെ പരിശോധനയ്ക്കു ശേഷം പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കുന്നു.

പത്തനംതിട്ട : പൊതുമരാമത്ത് റോഡുകളിൽ ജല അതോറിറ്റി പൈപ്പ് ഇടുന്നതിനായി കുഴിക്കുന്നത് ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡ് പ്രവർത്തികളുടെ പരിശോധനയ്ക്കു ശേഷം പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായി​രുന്നു മന്ത്രി​.

ഡിസംബറിനുശേഷം ഇത്തരം ജോലികൾ നടത്താൻ പാടില്ല. വരുംവർഷങ്ങളിലും ഇത്തരം ജോലികൾക്ക് ഷെഡ്യൂൾ തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിനുമായി ആശയവിനിമയം നടത്തിയിരുന്നു. അനുകൂലമായ പ്രതികരണമാണ് ഉണ്ടായ

തെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഡിസംബറിനുശേഷം റോഡ് കുഴിക്കാൻ അനുമതിയുണ്ടാകില്ല. രണ്ടു വകുപ്പുകളുടെയും മന്ത്രിമാർ ഇക്കാര്യത്തിൽ പൊതുപ്രസ്താവന നടത്തുന്നതിനും തയാറാണ്.

മുകൾത്തട്ടിൽ തീരുമാനമെടുത്താലും താഴെത്തട്ടിൽ ഇതു നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്താറുണ്ട്. 184 പൊതുമരാമത്ത് റോഡുകളാണ് പൈപ്പിടൽ ജോലികളുമായി ബന്ധപ്പെട്ട് തകർന്നു കിടക്കുന്നത്. റോഡുകൾ തകർന്നു കിടക്കുമ്പോൾ പരാതി കേൾക്കേണ്ടിവരുന്നത് പൊതുമരാമത്ത് വകുപ്പാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് വകുപ്പ് പഴി കേൾക്കേണ്ടതില്ല. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിവരങ്ങൾ പൊതുജനങ്ങൾക്കും ബോദ്ധ്യമാകാൻ കഴിയുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Advertisement
Advertisement