'പീഡനകാർ' വിറ്റ് വിസ്മയയുടെ പിതാവ് ഔഡി കാർ വാങ്ങി

Friday 21 October 2022 12:03 AM IST

കൊല്ലം: സ്ത്രീധനമായി വിലകുറഞ്ഞ കാർ നൽകിയെന്ന പേരിൽ തുടങ്ങിയ പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പുതിയ ഔഡി കാർ വാങ്ങി. വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയ ടൊയോട്ട യാരിസ് കാർ വിറ്റാണ് ഒരാഴ്ച മുമ്പ് സെക്കൻഡ് ഹാൻഡ് ഔഡി വാങ്ങിയത്.

വിസ്മയയുടെ ആത്മഹത്യക്കേസിൽ വിധികേൾക്കാൻ യാരിസ് കാറിലാണ് ത്രിവിക്രമൻ നായർ എത്തിയത്. ആ കാർ കാണുമ്പോൾ സങ്കടം കനക്കുന്നതിനാലാണ് വിൽക്കാൻ തീരുമാനിച്ചത്.

11.75 ലക്ഷത്തിന്റെ യാരിസ് കാർ 7.5 ലക്ഷത്തിന് വിറ്റ് 24 ലക്ഷത്തിനാണ് ഔഡി വാങ്ങിയത്.

വോൾസ് വാഗണിന്റെ വെന്റോ കാർ വേണമെന്നു പറഞ്ഞായിരുന്നു കിരൺകുമാർ വിസ്മയയ്ക്ക് നേരെ പീഡനം തുടങ്ങിയത്. പീറപ്പെണ്ണും പാട്ടക്കാറും എനിക്ക് വേണ്ടെന്ന് ഒരിക്കൽ കിരൺകുമാർ വിസ്മയയുടെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. സുഹൃത്തുമായുള്ള സംഭാഷണത്തിൽ ''വിവാഹത്തലേന്ന് സ്ത്രീധനക്കാർ കണ്ട് തന്റെ കിളിപോയെന്ന്'' കിരൺകുമാർ പറയുന്ന ശബ്ദരേഖയും കേസിൽ നിർണായക തെളിവായിരുന്നു.

പീഡനം സഹിക്കവയ്യാതെ 2021 ജൂൺ പുലർച്ചെയാണ് വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തത്. കോളിളക്കം സൃഷ്ടിച്ച കേസിൽ പത്തുവർഷം കഠിനതടവ് ശിക്ഷ ലഭിച്ച കിരൺകുമാർ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്.

Advertisement
Advertisement