പരസ്യം പൊതിയാനുള്ളതല്ല ബസുകൾ: ഹൈക്കോടതി

Friday 21 October 2022 1:45 AM IST

കൊച്ചി: കെ.എസ്. ആർ.ടി.സി ആയാലും ബസുകൾ പരസ്യം പൊതിയാനുള്ളതല്ലെന്ന് ഹൈക്കോടതി. വാഹനത്തിന്റെ സേഫ്റ്റി ഗ്ലാസുകളിലടക്കം പരസ്യം പതിക്കുന്നത് ഡ്രൈവറുടെ കാഴ്ച മറയ്ക്കും. ഫ്‌ളാഷ് ലൈറ്റുകൾ വന്യമൃഗങ്ങളുടെ സ്വൈരം കെടുത്തും. ശബരിമല ബസുകൾ 20-25 കിലോമീറ്റർ വനമേഖലയിലൂടെയാണ് പോകുന്നതെന്നു തിരിച്ചറിയണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടക്കേസിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
ടിക്കറ്റിതര വരുമാനത്തിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.സിയെന്നു ബോധിപ്പിച്ച സർക്കാർ അഭിഭാഷകന്റെ വാദത്തോടു ശക്തമായി വിയോജിച്ച കോടതി, കെ.എസ്.ആർ.ടിസിക്കു പ്രത്യേക പരിഗണന നൽകാനാവില്ലെന്നു വ്യക്തമാക്കി.
വാഹനങ്ങളിലെ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഊർജിത നടപടികൾ തുടരുകയാണെന്നും പല ബസുകളും പിടിച്ചെടുക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.

Advertisement
Advertisement