മുഖ്യമന്ത്രിയുടെ താക്കീതിന് പുല്ലുവില ജനത്തെ ഇടിച്ചുപിഴിഞ്ഞ് പൊലീസ് കാടത്തം

Friday 21 October 2022 12:31 AM IST

തിരുവനന്തപുരം: മൂന്നാംമുറ പ്രയോഗിക്കുന്നവരുടെ തൊപ്പി തെറിപ്പിക്കുമെന്ന് മുഖ്യമന്ത്രി തുടർച്ചയായി നൽകുന്ന താക്കീതുകൾ വകവയ്ക്കാതെ, കാക്കിയുടെ ബലത്തിൽ ജനത്തെ ഇടിച്ചുപിഴിഞ്ഞ് പൊലീസ്. കൊല്ലം കിളികൊല്ലൂരിൽ, പൊലീസുകാരെ ആക്രമിച്ചെന്ന് കള്ളക്കേസെടുത്ത് സൈനികനെയും സഹോദരനെയും ഇടിച്ച് ഇഞ്ചപ്പരുവമാക്കിയതാണ് ഒടുവിലത്തെ സംഭവം. ജനസേവനമായിരിക്കണം മുഖമുദ്രയെന്ന് സേനയെ ഓർമ്മിപ്പിച്ച് ഡി.ജി.പി ഉത്തരവിറക്കി ഒരാഴ്ച തികയും മുൻപാണ് ഈ കാടത്തം. സ്റ്റേഷനുകളിൽ കാമറയില്ലാത്ത ഭാഗമാണ് ഇടിമുറികളാക്കി മാറ്റുന്നത്.

മൂന്നാംമുറയ്ക്ക് പുറമേ കുട്ടികളെ തല്ലൽ, സ്ത്രീകൾക്കുനേരേ അതിക്രമം എന്നിങ്ങനെ അടുത്തകാലത്ത് പൊലീസിനെതിരെ പരാതി പ്രളയമാണ്. ജനങ്ങളെ തെറിവിളിച്ചും കൈയൂക്ക് കാട്ടിയും പരാതികൾ ഒതുക്കിതീർത്തും 'വില്ലന്മാരായ' പൊലീസുകാർ ഇപ്പോഴും വിലസുന്നു. മൂന്നാംമുറയ്ക്ക് ആറുമാസത്തെ സസ്പെൻഷനാണ് പരമാവധി ശിക്ഷ, ശേഷം വീണ്ടും സർവീസിൽ. വകുപ്പുതല അന്വേഷണവും നടപടിയുമൊക്കെ മുറപോലെ. പലപ്പോഴും വിരമിക്കാറായ ഉദ്യോഗസ്ഥനായിരിക്കും അന്വേഷിക്കുക. പിന്നീട് പുതിയആൾ വരും. എസ്.ഐക്കെതിരായ വകുപ്പുതലഅന്വേഷണം തീരാൻ 15വർഷമെങ്കിലും കഴിയും. അപ്പോഴേക്കും അയാൾ മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും. വിരമിക്കാറാകുമ്പോഴേക്കും ക്ലീൻ ചിറ്റ്. ഭരണകക്ഷിക്ക് അനഭിമതനാണെങ്കിലേ വകുപ്പുതല നടപടിയുണ്ടാവൂ. വിരമിച്ചാൽപോലും തീരാത്ത അന്വേഷണങ്ങളുമുണ്ട്. പെൻഷനിൽ 250രൂപ കുറവുചെയ്യുന്നതടക്കമാണ് 'കടുത്തശിക്ഷ'.

മൂന്നാംമുറ, 101ഏത്തം

തിരുവല്ലം സ്റ്റേഷനിലെ രീതിയാണിത്. ജീപ്പിലേക്ക് കയറ്റുന്നത് കാലിൽ ലാത്തിക്കടിച്ച്. സ്റ്റേഷന് മുന്നിലും അകത്തുമിട്ട് മർദ്ദനം. ലോക്കപ്പിൽ കുനിച്ച് നിറുത്തി മുതുകിൽ ഇടി. നിലത്തുവീണാൽ ബൂട്ടിട്ട് ചവിട്ടൽ. ശേഷം 101ഏത്തം, 50തവളച്ചാട്ടം, 50പുഷ്അപ്പ്, ചാടിക്കൊണ്ട് 50വട്ടം ഇൻക്വിലാബ് സിന്ദാബാദ് വിളിപ്പിക്കൽ.

തല്ലുകൊള്ളാൻ പാവം ജനം

10വയസുള്ള മകൻ നോക്കിനിൽക്കേ മഞ്ചേരിയിൽ യുവതിക്കുനേരേ അതിക്രമം

കോതമംഗലത്ത് എസ്.എഫ്.ഐ പ്രവർത്തകനെ സ്റ്രേഷനിൽ തല്ലിച്ചതച്ചു

മലപ്പുറത്ത് ഹൃദ്രോഗിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം

കെ.പി.എം.എസ് ശാഖാംഗം ആർ.കുമാറിനെ ഫോർട്ട്

പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു

ഭാര്യയെ ബസ് കയറ്റിവിട്ട് പൂ​വാ​റി​ൽ​ ​റോ​ഡ​രി​കി​ൽ​നി​ന്ന​

ഓ​ട്ടോ​ഡ്രൈവർ സുധീറിന് സ്റ്റേഷനിൽ ക്രൂരമർദ്ദനം

കൊട്ടാരക്കര സ്റ്റേഷനിൽ അച്ഛനും മകനും ക്രൂരമർദ്ദനം

ചടയമംഗലത്ത് ഹെൽമെറ്റില്ലാത്തതിന് 70കാരനെ

കരണത്തടിച്ച് ജീപ്പിലേക്ക് എടുത്തെറിഞ്ഞു

''മൂന്നാംമുറ ഒരുകാരണവശാലും അനുവദിക്കില്ല. സർക്കാരിന്റെ പ്രഖ്യാപിത നയമാണിത്. കുറ്റം തെളിയിക്കാൻ എല്ലാ പൊലീസ് ജില്ലകളിലും ഇന്ററോഗേഷൻ റൂമുകളുണ്ടാക്കണം.

-പിണറായി വിജയൻ

മുഖ്യമന്ത്രി

Advertisement
Advertisement