മഞ്ചേശ്വരത്ത് ശാസ്‌ത്രമേളയ്‌ക്കിടെ പന്തൽ തകർന്നുവീണു; കുട്ടികളടക്കം 40 പേർക്ക് പരിക്ക്, അഞ്ചുപേർക്ക് ഗുരുതരം

Friday 21 October 2022 4:01 PM IST

കാസർകോട്: ശാസ്‌ത്രമേള നടക്കുന്നതിനിടെ സ്‌കൂളിൽ പന്തൽ പൊളിഞ്ഞുവീണ് അപകടം. കാസർകോട് മഞ്ചേശ്വരം ബേക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലാണ് സംഭവമുണ്ടായത്. മഞ്ചേശ്വരം ഉപജില്ലാ ശാസ്‌ത്രമേളക്കിടെ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മംഗൽപാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തലയ്‌ക്ക് അടക്കം പരിക്കേറ്റ അഞ്ചുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാല് കുട്ടികളും ഒരു അദ്ധ്യാപകനുമാണ് ഇവിടെ ചികിത്സയിലുള‌ളത്. 40 പേർക്കാണ് ആകെ പരിക്കേറ്റതെന്നാണ് വിവരം. കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരുമടക്കമാണ് അപകടത്തിൽ പെട്ടത്.

ഇരുമ്പ് ഷീറ്റുകൾ വലിയ ശബ്‌ദത്തോടെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പന്തൽ തകർന്നുവീണത് കണ്ട് ഓടിയ കുട്ടികളിൽ ചിലർക്ക് നിലത്ത് വീണ് പരിക്കേറ്റിട്ടുണ്ട്. ആകെ മൂന്ന് പന്തലുകളാണ് സ്‌കൂൾമുറ്റത്തുണ്ടായിരുന്നത്. രണ്ടെണ്ണം തുണി ഉപയോഗിച്ച് നിർമ്മിച്ചതും ഒന്ന് ഷീറ്റുകൊണ്ടുള‌ളതും. ഇതിൽ ഷീറ്റുകൊണ്ടുള‌ളതാണ് തകർ‌ന്നുവീണത്. അപകട കാരണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.