ഫാസ്റ്റ് ചാർജ്ജിലേക്ക് ജില്ല

Sunday 23 October 2022 12:13 AM IST
പെരിന്തൽമണ്ണയിലെ ചാർജ്ജിംഗ് സ്റ്റേഷൻ

മലപ്പുറം: ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോഴും ജില്ലയിൽ പൊതുമേഖലയിൽ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനില്ലെന്ന കുറവ് ഇനിയില്ല. പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്റിൽ അനർട്ട് സ്ഥാപിച്ച ചാർജ്ജിംഗ് സ്റ്റേഷൻ അടുത്ത ആഴ്ചയോടെ പ്രവർത്തനം തുടങ്ങും. 60,​ 22 കിലോവാട്ട് ,​ ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജ്ജിംഗ് ഗണ്ണുകൾ മെഷീനുകളുണ്ട്. ടെസ്‌ല കാറുകളിൽ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗൺ. നിലവിൽ ഇന്ത്യയിലിറങ്ങിയ ഇ-കാറുകൾക്ക് ഈ ഗണ്ണിന്റെ ആവശ്യമില്ല. ഭാവിയിലെ മാറ്റം കൂടി ഉൾകൊള്ളാൻ ഷാഡമോയിലൂടെ സാധിക്കും. ഒരേസമയം രണ്ട് കാറുകൾക്ക് ചാർജ്ജ് ചെയ്യാനാവും. ഫുൾ ചാർജ്ജിംഗിന് 30 - 45 മിനിറ്റ് മതി. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയും നൽകണം. പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന Electreefi എന്ന ആപ്പിലൂടെ ഓൺലൈനായി പണമടയ്ക്കാം. ചാർജ്ജിംഗ് നിയന്ത്രിക്കുന്നതും ആപ്പ് വഴിയായതിനാൽ ജീവനക്കാരുടെ ആവശ്യമില്ല.

വേണം ചാർജ്ജിംഗ് സ്റ്റേഷനുകൾ

ദേശീയ,​ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കാൻ നഗരസഭ ഭരണ സമിതികൾക്ക് അനർട്ട് കത്ത് നൽകിയിട്ടുണ്ട്. ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന സ്ഥലം പത്ത് വർഷത്തേക്ക് അനർട്ടിന് ലീസിന് നൽകേണ്ടി വരും. ഒരു യൂണിറ്റ് വൈദ്യുതി ചാർജ്ജ് ചെയ്യുമ്പോൾ ഒരുരൂപ നിരക്കിൽ നഗരസഭയ്ക്ക് വാടകയായി നൽകും. പദ്ധതിക്ക് സാങ്കേതികാനുമതി നൽകലും സ്ഥലം കണ്ടെത്തലും മാത്രമാണ് നഗരസഭയുടെ ഉത്തരവാദിത്വം. ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ചെലവുകളും നടത്തിപ്പും അനർട്ട് നിർവഹിക്കും. ദേശീയ പാതയുടെ നിർമ്മാണം പൂർത്തിയാവുന്ന മുറയ്ക്ക് സ്ഥലം അനുവദിക്കാമെന്ന് ഭരണസമിതികൾ അറിയിച്ചിട്ടുണ്ട്. മഞ്ചേരി മുനിസിപ്പാലിറ്റിയിൽ പുതുതായി തുടങ്ങുന്ന ടേക്ക് എ ബ്രേക്കിൽ ചാർജ്ജിംഗ് സ്റ്റേഷൻ കൂടി ഉൾപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്.

സ്വകാര്യ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുള്ള അനർട്ട് പദ്ധതിയിലേക്ക് നിരവധി അപേക്ഷകൾ വന്നെങ്കിലും തുടർനടപടികളിലേക്ക് നീങ്ങാൻ സംരംഭകർ മുന്നോട്ടുവന്നിട്ടില്ല. പെരിന്തൽമണ്ണയിൽ ചാർജ്ജിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതോടെ സംരംഭകരുടെ ആശങ്കകൾ ദുരീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അനർട്ട്. കോഴിക്കോട്ടെ രണ്ട് സ്വകാര്യ ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ഒന്ന് പ്രവർത്തനം തുടങ്ങുകയും രണ്ടാമത്തേത് അവസാന ഘട്ടത്തിലുമാണ്. 15 മുതൽ 20 ലക്ഷം രൂപ വരെ ചെലവ് വരും. ഫീസിബിലിറ്റ് സ്റ്റഡിയും സാങ്കേതിക ഉപദേശങ്ങളും അനർട്ട് നൽകും. അനർട്ട് ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്ന് സംരംഭകർക്ക് നേരിട്ട് മെഷീനുകൾ വാങ്ങാം. ദേശീയ, സംസ്ഥാനപാതകൾ കടന്നുപോവുന്ന പ്രധാന ഇടങ്ങളിൽ കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങുകയാണ് അനർട്ടിന്റെ ലക്ഷ്യം.

പെരിന്തൽമണ്ണയിലെ ചാർജ്ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടത്താണ് ഉദ്ദേശിക്കുന്നത്. ജില്ലയിൽ പൊതുമേഖലയിലെ ആദ്യ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനാവുമിത്.

ദിൽഷാദ് അഹമ്മദ് ഉള്ളാട്ട് ,​ ജില്ലാ എഞ്ചിനീയർ അനർട്ട്

Advertisement
Advertisement