ജോർജ് പുല്ലാട്ടിന്റെ തൊടി​യി​ലെ തെങ്ങിൽ വി​ളവി​ന്റെ വി​സ്മയം

Saturday 22 October 2022 1:37 AM IST
എറണാകുളം മരടിലെ വീട്ടുമുറ്റത്തെ തെങ്ങിൽ നിന്ന് വിളവെടുത്ത നാളികേരക്കുലയുമായി ജോർജ് പുല്ലാട്ട്

കൊച്ചി: സാധാരണ തെങ്ങി​ൽ വർഷം 80-120 തേങ്ങ ശരാശരി​ വി​ളയുമ്പോൾ എറണാകുളം മരടിലെ പുല്ലാട്ട് ജോർജിന്റെ വീട്ടുമുറ്റത്തുനിൽക്കുന്ന തെങ്ങ് ഓരോവർഷവും 300, 400, 500 എന്നകണക്കിൽ കുലച്ചുമറിയുകയാണ്. ഒരുകുല ഇറക്കി എണ്ണിയപ്പോൾ 40 തേങ്ങ. ചിലതി​ൽ 70 വരെയുണ്ട്. വാർഷികവിളവ് 500 തേങ്ങയെന്ന് സാക്ഷ്യപ്പെടുത്തി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് 2020 ഡിസംബർ 14ന് അത്ഭുത കേരവൃക്ഷത്തെയും ജോർജ് പുല്ലാട്ടിനെയും ആദരിച്ചു. ഇക്കൊല്ലവും 40 ൽഏറെ തേങ്ങകളുള്ള 12 കുലകളുമായി സമൃദ്ധി ആവർത്തിക്കുകയാണ്.

2005ൽ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് വാങ്ങിയ സാദാ തെങ്ങിൻതൈ 9 സെന്റ് പുരയിടത്തിന്റെ വടക്കു- കിഴക്കേ മൂലയിൽ നട്ടതാണ്. പ്രത്യേക പരി​ചരണമൊന്നുമില്ലാതെ വളർന്ന് ഏഴാം വർഷം ചൊട്ടയിട്ടു. ഓരോ കുലയിലും അഞ്ചും ആറും തേങ്ങയുണ്ടായി. 2017 മുതലാണ് മുന്തിരിക്കുലപോലെ തേങ്ങ പിടിക്കാൻ തുടങ്ങിയത്. തെങ്ങിന്റെ ഇനവും ജനുസും കണ്ടെത്തിയിട്ടില്ല. 32 അടി ഉയരമുള്ള തെങ്ങിന് 180 സെ.മീ. വണ്ണമുണ്ട്. പ്രതിവർഷം 12 മുതൽ 14 വരെ കുലകൾ. ഓരോ കുലയിലും 40 മുതൽ 70 വരെ നാളികേരം. തെങ്ങ് വികൃതി കാട്ടാൻ തുടങ്ങിയതിൽ കാർഷിക വിദഗ്ദ്ധർക്കും ഗവേഷകർക്കും വിശദീകരണമൊന്നും നൽകാൻ കഴി​ഞ്ഞി​ട്ടി​ല്ല.

പ്രമുഖ സാമൂഹ്യപ്രവർത്തക ദയാബായിയുടെ (മേഴ്സി മാത്യു പുല്ലാട്ട്) ഇളയ സഹോദരനാണ് പാല പൂവരണി സ്വദേശി ജോർജ് പുല്ലാട്ട്. വ്യോമസേന, റിസർവ് ബാങ്ക്, കസ്റ്റംസ് സർവീസുകളിൽ സേവനമനുഷ്ഠിച്ചു. ഹൈസ്കൂൾ അദ്ധ്യാപകനായും ജോലിചെയ്തു. കസ്റ്റംസ് സൂപ്രണ്ടായി വിരമിച്ചശേഷം ഗ്രന്ഥകാരൻ, ചിത്രകാരൻ, മജീഷ്യൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ഭാര്യ ലാലി സ്കൂൾ അദ്ധ്യാപിക. 4 മക്കളിൽ 3 പേരും ഉദ്യോഗസ്ഥർ. ഒരാൾ വിദ്യാർത്ഥി.

 ഇനം ഏതെന്ന് അറിയില്ല

തെങ്ങ് 'വെസ്റ്റ് കോസ്റ്റ് ടോൾ x ചാവക്കാട് ഡ്വാർഫ് സങ്കരയിനം" ആകാമെന്നുമാത്രമാണ് കായംകുളം തോട്ടവിള ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. റെജി ജേക്കബ് തോമസ് പറയുന്നത്.

Advertisement
Advertisement