അബാൻ മേൽപ്പാലം 58 പൈലിംഗായി: ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Friday 21 October 2022 11:20 PM IST
f

പത്തനംതിട്ട : നിർദ്ദിഷ്ട അബാൻ മേൽപ്പാലത്തിന് അൻപത്തിയെട്ട് പൈലിംഗ് പൂർത്തിയായി. അബാൻ ജംഗ്ഷനിൽ നിന്ന് മുത്തൂറ്റ് ഭാഗത്തേക്കുള്ള റിംഗ് റോഡിലാണ് പൈലിംഗ് ജോലികൾ നടക്കുന്നത്.

92 പൈലിംഗാണ് മേൽപ്പാലത്തിന് വേണ്ടത്. സ്ഥമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികളും നടക്കുകയാണ്. പതിനെട്ട് മാസമാണ് മേൽപ്പാലം പൂർത്തിയാക്കാനുള്ള കാലാവധി. ഇത് 2023 ജൂണിൽ അവസാനിക്കും. അഞ്ചര മീറ്റർ സർവീസ് റോഡ് നാലര മീറ്ററായി കുറച്ചിട്ടുണ്ട്. 611.8 മീറ്റർ ആണ് മേൽപ്പാതയുടെ മാത്രം നീളം.

കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈൻ കടന്നുപോകുന്നതിനാൽ അത് നീക്കം ചെയ്യാനുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുത ലൈൻ താത്കാലികമായി മാറ്റിയിട്ടുണ്ട്.

മഴ ചതിക്കുമോ ?

മഴകാരണം പണി നിലയ്ക്കുമോ എന്ന് ആശങ്കയുണ്ട്. യന്ത്രങ്ങൾ ഉപയോഗിച്ചാണ് പണി നടക്കുന്നത്. മഴ പെയ്യുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതുമൂലം മഴയുള്ളപ്പോൾ യന്ത്രങ്ങൾ പ്രവർത്തിക്കാൻ കഴിയില്ല. അത് പൈലിംഗ് ജോലിയെ ബാധിച്ചേക്കും. ഇപ്പോൾ ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് പെയ്യുന്നത്.

ഗതാഗത നിയന്ത്രണം

. ഇന്ന് മുതൽ ഈ ഭാഗത്ത് വൺവേ ട്രാഫിക്ക് മാത്രമായിരിക്കും അനുവദിക്കുക.
കുമ്പഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണങ്കര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കല്ലറക്കടവ് റോഡ് വഴി റിംഗ് റോഡിൽ പ്രവേശിക്കും. അടൂർ പന്തളം ഭാഗത്ത് നിന്ന് വരുന്ന റാന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് റിംഗ് റോഡ് വഴി പോകണം.

--------------------------

ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലം

ചെലവ് :46.50 കോടി

നീളം: 611.8 മീറ്റർ

Advertisement
Advertisement